'പ്രതിപക്ഷം ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്നു'; എസ്ഐആർ പരാമർശത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്
text_fieldsലഖ്‌നൗ: വോട്ടർ പട്ടികയുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട എസ്.ഐ.ആർ പ്രക്രിയയെച്ചൊല്ലി വൻ രാഷ്ട്രീയ പോര് പുകയുന്നതിനിടെ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ഭരണഘടനാ സ്ഥാപനങ്ങളെ ലക്ഷ്യമിടുകയാണെന്നും ജനാധിപത്യ മൂല്യങ്ങളെ തരംതാഴ്ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലഖ്‌നൗവിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ നടക്കുന്ന എസ്.ഐ.ആർ നടപടികളെക്കുറിച്ച് പ്രതിപക്ഷം തെറ്റായ വിവരങ്ങളും ആശയക്കുഴപ്പങ്ങളും മനഃപൂർവ്വം പ്രചരിപ്പിക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മുൻപും രാജ്യത്ത് പലതവണ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഒന്നാണ് വോട്ടർ പട്ടികയുടെ ഈ സമഗ്ര പരിഷ്കരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഭരണകാലത്തുപോലും ഇത്തരത്തിൽ എസ്.ഐ.ആർ നടത്തിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ആർ.ജെ.ഡിയും ഇതിനെതിരെ അനാവശ്യമായി ബഹളമുണ്ടാക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങൾക്ക് മുന്നിലെത്തി ഇതിനോടകം കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും സുപ്രീം കോടതി പോലും ഇതിലെ ഫോം-6 നടപടിക്രമങ്ങളെ ശരിവെച്ചിട്ടുണ്ടെന്നും ആദിത്യനാഥ് ഓർമ്മിപ്പിച്ചു. വോട്ടർ പട്ടികയിൽ നിന്ന് പുറത്തുപോയ ഏത് യോഗ്യനായ പൗരനും വീണ്ടും പേര് ചേർക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടായിട്ടും കമ്മീഷനെയും ചീഫ് ഇലക്ഷൻ കമ്മീഷണറെയും പ്രതിക്കൂട്ടിൽ നിർത്തുന്നത് ഇന്ത്യയുടെ ജനാധിപത്യ പ്രതിച്ഛായയെ ലോകത്തിന് മുന്നിൽ മോശമാക്കാൻ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

