യു.പിയെ കേരളമാക്കരുത്; വിദ്വേഷവുമായി വീണ്ടും യോഗി ആദിത്യനാഥ്
text_fieldsഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതുമുതൽ തീവ്ര ഹിന്ദുത്വ വർഗീയ നിലപാടുകളുമായി കളം നിറഞ്ഞു നിൽക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയിലെ ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ സംസ്ഥാനം ബംഗാളോ കശ്മീരോ കേരളമോ ആയി മാറുമെന്നായിരുന്നു യോഗിയുടെ പ്രസ്താവന. ഇതിനെതിരെ ഈ സംസ്ഥാനങ്ങൾ രംഗത്തുവന്നിരുന്നു. ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മുസ്‍ലിംകൾക്കെതിരെ അതിഗുരുതര വിദ്വേഷ പ്രചരണങ്ങളുമായി യോഗി രംഗത്തെത്തിയിരുന്നു. അതിനിടെ കേരളത്തിനെതിരെ വീണ്ടും ആരോപണവുമായി എത്താൻ യോഗി മറന്നില്ല.
ഉത്തര്‍പ്രദേശിനെ കേരളം പോലെ ആക്കരുതെന്ന പ്രസ്താവന ആവർത്തിച്ച് യോഗി ആദിത്യനാഥ് വീണ്ടും രംഗത്തെത്തി. യു.പിയെ കേരളവും പശ്ചിമ ബംഗാളും ആക്കരുത്. ബംഗാളിലും കേരളത്തിലും രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുകയാണെന്ന് യോഗി ആദിത്യനാഥ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ജനങ്ങൾക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയതാണെന്ന് യോഗി പറഞ്ഞു. ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ചില്ലെങ്കിൽ ഉത്തർപ്രദേശ് പശ്ചിമ ബംഗാളും കേരളവും പോലെയാകുമെന്ന തന്റെ പരാമർശം യോഗി ആവര്‍ത്തിച്ചു. "ബംഗാളിൽ നിന്ന് വന്ന് ഇവര്‍ ഇവിടെ അരാജകത്വം പ്രചരിപ്പിക്കുകയാണ്. ജാഗ്രത പുലർത്തുക. സുരക്ഷയും നിങ്ങൾക്ക് ലഭിക്കുന്ന ബഹുമാനവും തടസ്സപ്പെടുത്താൻ ആളുകള്‍ വന്നിരിക്കുന്നു, അത് സംഭവിക്കാൻ അനുവദിക്കരുത്. ജനങ്ങളെ ഇക്കാര്യം അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു"- യോഗി ആദിത്യനാഥ് പറഞ്ഞു.
കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടന്ന അക്രമ സംഭവങ്ങൾ ചൂണ്ടിക്കാട്ടി യോഗി ആദിത്യനാഥ് പറഞ്ഞു- "ഞാന്‍ ചോദിക്കാൻ ആഗ്രഹിക്കുന്നു, ബംഗാളിൽ സമാധാനപരമായാണോ തെരഞ്ഞെടുപ്പ് നടന്നത്? അടുത്തിടെ ബംഗാളിൽ വിധാൻസഭാ തെരഞ്ഞെടുപ്പ് നടന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. ബൂത്തുകൾ പിടിച്ചെടുത്തു. അരാജകത്വം അതിന്റെ ഉച്ചസ്ഥായിയിലാണ്. നിരവധി പേർ കൊല്ലപ്പെട്ടു. കേരളത്തിലും സമാനമായ അവസ്ഥയാണുള്ളത്. ഈ രണ്ട് സംസ്ഥാനങ്ങളിലും നടന്നതുപോലെ അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മറ്റെവിടെയാണ് നടന്നത്?"
യു.പി തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സമാധാനപരമായി പൂർത്തിയായി. നേരത്തെ ഇവിടെ കലാപം നടന്നിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ എന്തെങ്കിലും കലാപം നടന്നോ?"- ഉത്തർപ്രദേശിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന സർക്കാരിനെതിരെയുള്ള ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ആദിത്യനാഥ് ഇങ്ങനെ പറഞ്ഞത്. എല്ലാവർക്കും സുരക്ഷിതത്വവും സമൃദ്ധിയും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് തന്റെ സർക്കാർ പ്രവർത്തിക്കുന്നതെന്നും ഒരു പ്രത്യേക സമുദായത്തെയും പ്രീണിപ്പിക്കില്ലെന്നും യോഗി ആദിത്യനാഥ് വിശദീകരിച്ചു.
"അഞ്ച് വർഷത്തിനുള്ളിൽ ഉത്സവങ്ങൾ ആഘോഷിക്കുന്നതിന് തടസ്സം നേരിട്ടോ? ഹിന്ദുക്കളും മുസ്‍ലിംകളും അവരുടെ ഉത്സവങ്ങള്‍ സമാധാനപരമായി ആഘോഷിച്ചു. ഹിന്ദുക്കൾ സമാധാനത്തോടെയിരിക്കുമ്പോൾ അവരും (മുസ്‍ലിംകളും) സമാധാനത്തിലാണ്. ഹിന്ദുക്കൾ സുരക്ഷിതരാണ്, അതിനാൽ മുസ്‍ലിംകളും. ഞങ്ങൾ എല്ലാവർക്കും സുരക്ഷിതത്വം നൽകുന്നു, എല്ലാവർക്കും അഭിവൃദ്ധി നൽകുന്നു, എല്ലാവരെയും ബഹുമാനിക്കുന്നു, എന്നാൽ ആരെയും പ്രീണിപ്പിക്കുന്നില്ല"- യോഗി ആദിത്യനാഥ് പറഞ്ഞു. യോഗി കടുത്ത ഹിന്ദുത്വ വർഗീയ പ്രചാരണങ്ങളോട് പ്രതിപക്ഷ സംസ്ഥാനങ്ങൾ രൂക്ഷമായി പ്രതികരിച്ചു രംഗത്തെത്തിയിരുന്നു. യു.പി സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥ കേന്ദ്ര സർക്കാറിന്റെ കണക്കുകൾ തന്നെ നിരത്തി കേരളം അടക്കം മറുപടി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

