ഹലാൽ ഉൽപ്പന്നങ്ങൾക്കെതിരെ യോഗി; ഈ ഉൽപ്പന്നങ്ങൾ വഴി പിരിച്ചെടുത്ത 25,000 കോടി ഭീകരവാദത്തിനും ലൗ ജിഹാദിനുമായി ദുരുപയോഗം ചെയ്യുന്നു
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ ഹലാൽ സർട്ടിഫൈഡ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതും വാങ്ങുന്നതും നിരോധിച്ച തീരുമാനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പന വഴി ലഭിക്കുന്ന പണം ഭീകരവാദത്തിനും ലൗ ജിഹാദിനും മതപരിവർത്തനത്തിനുമായാണ് ഉപയോഗിക്കുന്നതെന്നും യോഗി അവകാശപ്പെട്ടു.
ആർ.എസ്.എസ് നൂറാംവാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ഹലാൽ സർട്ടിഫിക്കേഷൻ സർക്കാർ നിയന്ത്രണത്തിന് പുറത്തുള്ള സമാന്തരവും അനിയന്ത്രിതവുമായ സംവിധാനമായി മാറിയിരിക്കുന്നുവെന്നും യോഗി ആദിത്യനാഥ് പറയുന്നു.
അതിനാൽ ഇനി മുതൽ ഏതെങ്കിലും ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ അത് ഹലാൽ സർട്ടിഫൈഡ് ചെയ്തത് ബഹിഷ്‍കരിക്കണം. യു.പിയിൽ ഞങ്ങളത് നിരോധിച്ചതാണ്. യു.പിയിൽ ഒരാളും അത്തരം ഉൽപ്പന്നങ്ങൾ വാങ്ങാൻ ധൈര്യപ്പെടില്ലെന്നും യോഗി പറഞ്ഞു. കേന്ദ്രത്തിന്റെയോ സംസ്ഥാന സർക്കാറിന്റെയോ അനുമതിയില്ലാതെ ഹലാൽ സർട്ടിഫിക്കേഷന്റെ പേരിൽ രാജ്യത്ത് 25,000 കോടി രൂപയുടെ വൻതോതിലുള്ള ഫണ്ട് പിരിച്ചെടുത്തിട്ടുണ്ട്. ആ പണം ഭീകരവാദത്തിനും ലൗ ജിഹാദിനും മതപരിവർത്തനുമായി ദുരുപയോഗം ചെയ്യുകയുമാണ്. അതിനെതിരെ ശക്തമായ നടപടി വേണമെന്നും യോഗി ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ജനസംഖ്യ ശാസ്‍ത്രം മാറ്റിമറിക്കാൻ ലക്ഷ്യമിടുന്ന പ്രധാന ഭീഷണിയാണ് 'രാഷ്ട്രീയ ഇസ്‍ലാം' എന്നും യോഗി ആരോപിച്ചു. നമ്മുടെ പൂർവികർ ഈ ഭീഷണിക്കെതിരെ പോരാടിയിരുന്നു. എന്നാൽ ഇപ്പോഴത് ചർച്ച ചെയ്യപ്പെടുന്നില്ല.
ബ്രിട്ടീഷ്, ഫ്രഞ്ച് കൊളോണിയലിസം ചരിത്രത്തിൽ പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും 'രാഷ്ട്രീയ ഇസ്ലാം' എന്നതിനെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ പരാമർശമുള്ളൂ എന്നും യോഗി പറഞ്ഞു. ഛത്രപതി ശിവജി മഹാരാജ്, ഗുരു ഗോബിന്ദ് സിങ്, മഹാറാണ പ്രതാപ്, മഹാറാണ സംഗ എന്നിവർ രാഷ്ട്രീയ ഇസ്‍ലാമിനെതിരെ പോരാട്ടം നടത്തി. ഇന്ത്യയെ വിഭജിക്കാൻ പ്രവർത്തിക്കുന്ന ഒന്നാണ് രാഷ്ട്രീയ ഇസ്‍ലാം. ചില ആൾദൈവങ്ങൾ വഴിയും രാഷ്ട്രീയ ഇസ്‍ലാം സജീവമാണെന്നും യോഗി ആരോപണമുയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

