ജവഹർലാൽ നെഹ്റുവിനെ നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്ത് യോഗി ആദിത്യനാഥ്
text_fieldsവാരണാസി: ജവഹർലാൽ നെഹ്റുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്ത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുമ്പ് ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നെന്നും അദ്ദേഹം രാജ്യത്തിന്‍റെ പൈതൃകത്തിൽ അഭിമാനം കൊണ്ടിരുന്നില്ലെന്നും, ഇപ്പോഴത്തെ പ്രധാനമന്ത്രി പൈതൃകത്തിൽ അഭിമാനം കൊള്ളുന്നയാളാണെന്നുമായിരുന്നു യോഗിയുടെ പരാമർശം. ജവഹർലാൽ നെഹ്റുവിന്‍റെ പേര് പറയാതെയായിരുന്നു പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള 'മോദി@2020' എന്ന പുസ്തകത്തിന്‍റെ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തന്‍റെ പൈതൃകത്തിൽ അഭിമാനിക്കാത്ത ഒരു പ്രധാനമന്ത്രി മുമ്പ് ഇവിടെ ഉണ്ടായിരുന്നു. പിന്നീട് ഇന്ത്യയെ മുഴുവൻ ഒരു ശ്രേഷ്ഠഭാരത് ആക്കിമാറ്റാൻ തീരുമാനിച്ച നരേന്ദ്ര മോദി ഇവിടെയുണ്ടായി'- യോഗി ആദിത്യനാഥ് പറഞ്ഞു. മോദി രാജ്യത്തിന്‍റെ പൈതൃകത്തിൽ അഭിമാനിക്കുന്നുവെന്നും യോഗി കൂട്ടിച്ചേർത്തു.
'സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് രാജ്യത്തിന്റെ രാഷ്ട്രപതിയെ അയക്കുന്നതിനെ എതിർത്ത പ്രധാനമന്ത്രിയെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിന്റെ നിർമാണം സ്വയം ആരംഭിച്ച പ്രധാനമന്ത്രിയാണ് ഇന്ന് നമുക്കുള്ളത്. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഭീകരതയെ എങ്ങനെ നേരിടണം എന്ന് ഇന്ത്യ ലോകത്തിന് മാതൃക കാട്ടി. ലോകത്തിലെ ജനാധിപത്യമൂല്യമുള്ള നേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി എന്നതിൽ അഭിമാനമുണ്ട്' -യോഗി പറഞ്ഞു.
നരേന്ദ്രമോദിയുടെ 20 വർഷത്തെ ഭരണത്തെ അടിസ്ഥാനമാക്കിയാണ് 'മോദി@2020' എന്ന പുസ്തകം രചിച്ചിരിക്കുന്നത്. വാരണാസിയിലെ രുദ്രാക്ഷ് കൺവെൻഷൻ സെന്‍ററിൽ നടന്ന് ചടങ്ങിൽ യോഗി മുഖ്യാഥിതിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

