കോടതിയെ നോക്കുകുത്തിയാക്കി യോഗിയുടെ ബുൾഡോസർ ശിക്ഷ
text_fieldsന്യൂഡൽഹി: പ്രവാചകനിന്ദ മൂലം സാമൂഹികാന്തരീക്ഷം കലങ്ങിയിരിക്കേ, പ്രതിഷേധ ശബ്ദങ്ങളെ ബുൾഡോസറും തോക്കുമായി നേരിട്ട് പൊലീസ്. ക്രമസമാധാനപാലന ചുമതല വഹിക്കേണ്ട ഭരണകൂടം, കോടതിയെയും നിയമത്തെയും നോക്കുകുത്തിയാക്കി സ്വയം ശിക്ഷ വിധിച്ചു നടപ്പാക്കുന്നതാണ് യു.പിയിലെ കാഴ്ച.
അനധികൃത നിർമാണമെന്ന പേരിലാണ് അലഹബാദിൽ പ്രതിഷേധകന്റെ വീട് പൊളിച്ചു നീക്കിയത്. ഭരണകൂടത്തിനു നേരെ എതിർശബ്ദമുയർത്തിയവരോടുള്ള പ്രതികാര നടപടിയാണിതെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണെന്ന് പൗരാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. റോഡിലേക്ക് തള്ളി നിൽക്കുന്നുവെന്ന പേരിലാണ് ഒരു വീട് പൂർണമായും ഇടിച്ചു നിരത്തിയതെങ്കിൽ, ആ ഭാഗം ഇപ്പോൾ ഉള്ളിലേക്ക് കയറിയും തൊട്ടടുത്തുള്ള എല്ലാ നിർമാണങ്ങളും റോഡരികിൽ തന്നെയും നിൽക്കുന്നതാണ് കാഴ്ച. ഇത് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.
അനധികൃത നിർമാണം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസും അലഹബാദ് വികസന അതോറിറ്റിയും മുന്നോട്ടുവെക്കുന്ന നോട്ടീസുകൾ, ലക്ഷ്യം നടപ്പാക്കാൻ വേണ്ടി പടച്ചുണ്ടാക്കിയ വ്യാജരേഖകളാണെന്ന ആക്ഷേപം വ്യാപകം. വീട്ടിലെ വസ്തുക്കളെല്ലാം തൊട്ടടുത്ത പറമ്പിലേക്ക് തള്ളിയാണ് പൊളിക്കൽ പദ്ധതി നടപ്പാക്കിയത്. പൊളിച്ച വീടാകട്ടെ, പ്രക്ഷോഭം നയിച്ചയാളുടെ പേരിലല്ല, ഭാര്യയുടെ പേരിലാണെന്നും നിയമവിരുദ്ധമായി വീട് ഇടിച്ചു നിരത്തിയതാണെന്നും ഒരുസംഘം അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അവർ ഇക്കാര്യം വിവരിച്ച് അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബുൾഡോസർ ബാബയായി മഹത്വവത്കരിച്ച് ന്യൂനപക്ഷ വേട്ടയും പ്രതികാര നടപടികളും ശക്തമായി മുന്നോട്ടു നീക്കുകയാണ് യു.പി ഭരണകൂടം. വീണ്ടും ഭരണം കിട്ടിയതോടെ ഈ ബലാൽക്കാരത്തിന് സാർവത്രിക അംഗീകാരമായി എന്ന മട്ടിലാണ് കാര്യങ്ങൾ. പ്രവാചകനിന്ദയെ തുടർന്ന് സംഘർഷമുണ്ടായ സ്ഥലങ്ങളിലെല്ലാം പൊലീസും ഭരണകൂടവും സ്വന്തംനിലക്ക് ശിക്ഷ നടപ്പാക്കിവരുകയാണ്.
നോട്ടീസ് പതിച്ച് മണിക്കൂറുകൾക്കകം ഒരു വീട് ബുൾഡോസറിന് ഇടിച്ചു തകർക്കുകയാണ് അലഹബാദിൽ ചെയ്തതെങ്കിൽ, തൊട്ടു തലേന്ന് സഹാറൻപുരിലും ബുൾഡോസർ പ്രയോഗം നടന്നു. കുറ്റാരോപിതരായ രണ്ടു പേരുടെ വീട് തകർത്തു. സംഘർഷങ്ങളുടെ പേരിൽ കാൺപുരിലും ഇടിച്ചു നിരത്തൽ ശിക്ഷ നടപ്പാക്കി. യു.പി പൊലീസ് ഒരു സംഘമാളുകളെ മുറിയിലിട്ട് ലാത്തിക്ക് അടിച്ചൊതുക്കുന്ന വിഡിയോയും ഇതിനിടെ പുറത്തു വന്നു.
പ്രവാചകനിന്ദക്കെതിരായ പ്രതിഷേധങ്ങൾ യു.പി, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ സംഘർഷ സ്ഥിതി സൃഷ്ടിച്ചു. നിർഭാഗ്യകരമായ ഈ സംഭവങ്ങൾക്കു പിന്നാലെ നടന്നത് കടുത്ത പൊലീസ് അതിക്രമങ്ങൾ കൂടിയാണ്.
പ്രവാചകനിന്ദ നടത്തിയവർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തുകയും നിയമനടപടികൾ ഇഴയുകയും ചെയ്യുമ്പോൾ തന്നെയാണ്, പ്രതിഷേധകർക്ക് നേരെ ബുൾഡോസർ പ്രയോഗം. യോഗി ഭരണത്തിനു കീഴിൽ ഉത്തർപ്രദേശ് ഗുണ്ട പ്രദേശായി മാറിയെന്നാണ് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അപലപിച്ചത്. അതേസമയം, ഈ ഇരട്ട നീതിക്കെതിരെ ശബ്ദമുയർത്തുന്നതിൽ പ്രതിപക്ഷ പാർട്ടികൾ വോട്ടുഭയ മൗനം പുലർത്തുകയാണ്.