ബാബരി കേസ്: പ്രതികളെ സ്വീകരിക്കാൻ പൂച്ചെണ്ടുമായി യു.പി മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: ഇന്ദിരനഗറിലെ സി.ബി.െഎ കോടതിയിലേക്ക് പോകുന്നതിനു മുമ്പ് ലഖ്നോ വി.വി.െഎ.പി െഗസ്റ്റ് ഹൗസിലെത്തിയ അദ്വാനിയെയും ജോഷിയെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഡൽഹിയിൽനിന്ന് ലഖ്നോ വിമാനത്താവളത്തിൽ എത്തിയപ്പോഴാകെട്ട, സ്വീകരിച്ചത് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, കാബിനറ്റ് മന്ത്രിമാരായ എസ്.പി. സാഹി, അശുതോഷ് ടാൻറൺ എന്നിവർ ചേർന്നാണ്. യോഗി ആദിത്യനാഥ് ബുധനാഴ്ച അയോധ്യ സന്ദർശിക്കും.
പ്രതിയാണെന്ന് താൻ കരുതുന്നില്ലെന്നായിരുന്നു ജലവിഭവ മന്ത്രി ഉമാഭാരതിക്ക് പറയാനുണ്ടായിരുന്നത്. ഒരു ഗൂഢാലോചനയും നടന്നിട്ടില്ല. അടിയന്തരാവസ്ഥക്കെതിരെ നടന്ന മാതിരി അതൊരു തുറന്ന മുന്നേറ്റമായിരുന്നുവെന്നും ഉമാഭാരതി കൂട്ടിച്ചേർത്തു. പാർട്ടി നേതാക്കൾ നിഷ്കളങ്കരാണെന്നും ഒരു പോറൽ പോലുമേൽക്കാതെ കോടതി പിന്നിടുമെന്നുമാണ് മന്ത്രി വെങ്കയ്യനായിഡു പറഞ്ഞത്.
അയോധ്യയിൽ 1990ൽ കർസേവകർക്കു നേരെ നടന്ന പൊലീസ് വെടിവെപ്പ് മുൻനിർത്തി മുൻ മുഖ്യമന്ത്രി മുലായം സിങ്ങിനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി നേതാവ് വിനയ് കത്യാർ ആവശ്യപ്പെട്ടു. 16 പേർ അന്ന് കൊല്ലപ്പെട്ടതായി മുലായംതന്നെ പറഞ്ഞിട്ടുണ്ട്. അവരെ കൊലപ്പെടുത്തിയത് മുലായമാണ്. കോടതി തീരുമാനം അംഗീകരിക്കുമെന്നും കത്യാർ കൂട്ടിച്ചേർത്തു. കോടതി നടപടി ക്ഷേത്രനിർമാണ പ്രസ്ഥാനത്തിന് പുതുജീവൻ നൽകിയിരിക്കുകയാണെന്ന് ആർ.എസ്.എസ് നേതാവ് രാകേഷ് സിൻഹ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
