തെരഞ്ഞെടുപ്പ് കമീഷൻ മരിച്ചുവെന്ന് വിധിയെഴുതിയ രണ്ട് വോട്ടർമാരെ ജീവനോടെ സുപ്രീംകോടതിയിൽ ഹാജരാക്കി യോഗേന്ദ്ര യാദവ്
text_fieldsന്യൂഡൽഹി: മരിച്ചെന്ന് പറഞ്ഞ് ബിഹാറിലെ കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ രണ്ട് വോട്ടർമാരെ സുപ്രീംകോടതിയിൽ ജീവനോടെ ഹാജരാക്കി യോഗേന്ദ്ര യാദവ്. ബിഹാറിൽ തീവ്ര പരിഷ്‍കരണത്തിന്റെ ഭാഗമായി തയാറാക്കിയ കരട് വോട്ടർപട്ടികയിലാണ് ഇവരെ മരിച്ചതായി കണക്കാക്കിയത്. മരിച്ചവരായി തെരഞ്ഞെടുപ്പ് കമീഷൻ വിധിയെഴുതിയ സാഹചര്യത്തിൽ ഇവരുടെ പേരുകൾ കരട് വോട്ടർപട്ടികയിൽ ഇല്ലെന്നും യോഗേന്ദ്ര യാദവ് സുപ്രീംകോടതിയിൽ പറഞ്ഞു. ജഡ്ജിമാരായ സൂര്യ കാന്ത്, ജോയ് മല്യ ബഗ്ചി എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ബിഹാർ വോട്ടർ പട്ടിക സംബന്ധിച്ച ഹരജികൾ പരിഗണിക്കുന്നത്.
''ഇവരെ നോക്കൂ... ഈ രണ്ടുപേരും മരിച്ചുവെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അവരാരും അപ്രത്യക്ഷരായതല്ല. അവർ ജീവനോടെ തന്നെയുണ്ട്. അവരെ നോക്കൂ''-എന്നാണ് യാദവ് സുപ്രീംകോടതിയോട് പറഞ്ഞത്.
തെരഞ്ഞെടുപ്പ് കമീഷന് വേണ്ടി മുതിർന്ന അഭിഭാഷകനായ രാകേഷ് ദ്വിവേദിയാണ് സുപ്രീംകോടതിയിൽ ഹാജരായത്. നടക്കുന്നതെല്ലാം വലിയ നാടകമാണെന്നും രാകേഷ് ദ്വിവേദി പറഞ്ഞു. എന്നാൽ അബദ്ധത്തിൽ സംഭവിച്ച പിഴവാകാമിതെന്നും തിരുത്താൻ കഴിയുമെന്നുമാണ് ജസ്റ്റിസ് ബഗ്ചി അഭിപ്രായപ്പെട്ടത്.
ബിഹാറിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടികയുടെതീവ്ര പരിഷ്‍കരണ പ്രക്രിയയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹരജികൾ ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് യാദവ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ ഹരജിക്കാരിൽ ഒരാളാണ് അദ്ദേഹം.ആളുകളെ ചേർക്കാതെ വോട്ടർ പട്ടിക പരിഷ്‍കരിക്കുന്നത് ഇന്ത്യയിൽ ആദ്യമായാണെന്നും യാദവ് കോടതിയെ അറിയിച്ചു.
''തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനം മുഴുവൻ സഞ്ചരിച്ചു. എന്നാൽ ഒരാളെ പോലും പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയില്ല. ലോക ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടവകാശ നിഷേധത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. 65 ലക്ഷം ആളുകളുടെ പേരുകൾ ഇല്ലാതാക്കി. ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കൽ പോലും ഇത് സംഭവിച്ചിട്ടില്ല. വോട്ടില്ലാത്തവരുടെ കണക്ക് ഒരു കോടി കവിയുമെന്ന് ഉറപ്പാണ്''-യാദവ് പറഞ്ഞു. ഹരജികളിൽ വാദം കേൾക്കുന്നത് ബുധനാഴ്ചയും തുടരും.
ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാര നടപടികള്‍ ആവശ്യമാണെന്നും യോഗേന്ദ്ര യാദവ് പറയുന്നതില്‍ വസ്തുതകള്‍ ഉണ്ടെന്ന് ബെഞ്ച് വിലയിരുത്തി. പൗരന്മാര്‍ സുപ്രീം കോടതിയില്‍ വരെ എത്തി കേസ് വാദിക്കുന്നതില്‍ അഭിമാനമുണ്ട് എന്ന് പറഞ്ഞാണ് കോടതി വാദം ഇന്നത്തേക്ക് പൂര്‍ത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

