യെലഹങ്ക: പുനരധിവസിപ്പിക്കുന്നവർക്ക് നൽകുന്നത് 11 ലക്ഷത്തിന്റെ ഫ്ലാറ്റുകൾ
text_fieldsയെലഹങ്കയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് കർണാടക സർക്കാർ നൽകുന്ന ഭവന സമുച്ചയത്തിന്റെ ചിത്രം മുസ്‌ലിം ലീഗ് പ്രതിനിധിസംഘത്തിന് ന്യൂനപക്ഷ മന്ത്രി സമീർ അഹമ്മദ് ഖാൻ സമർപ്പിക്കുന്നു
ബംഗളുരു: അനധികൃത കൈയേറ്റത്തിന്റെ പേരിൽ കുടിയൊഴിക്കപ്പെട്ട യെലഹങ്കയിലെ കുടുംബംങ്ങൾക്ക് കർണാടക സർക്കാർ നൽകുന്നത് 11 ലക്ഷം രൂപയോളം വിലയുള്ള പണി തീർന്ന ഫ്ലാറ്റുകൾ.
വൃത്തിഹീനമായ ചേരിപ്രദേശത്ത് കഴിഞ്ഞിരുന്നവർക്ക് ഒരു രൂപ പോലും ചെലവഴിക്കാതെ മികച്ച താമസ സൗകര്യമാണ് സർക്കാർ ഒരുക്കുന്നത്. രാജ്യത്തെ പുനരധിവാസ ചരിത്രത്തിലെ തന്നെ മികച്ച മാതൃകയാണിതെന്ന് ന്യൂനപക്ഷ മന്ത്രി സമീർ അഹ്മദ് ഖാൻ പറഞ്ഞു.
രാജീവ് ഗാന്ധി ആവാസ് യോജനക്ക് കീഴിലാണ് ഫ്ലാറ്റുകൾ വിതരണം ചെയ്യുന്നത്. യെലഹങ്ക ഫക്കീർ കോളനിയിലെ ചേരിയിൽ താമസിച്ചിരുന്നവർക്കാണ് നഗരത്തിലെ ബയ്യപ്പനഹള്ളിയിൽ നിർമാണം പൂർത്തിയായ ഫ്ലാറ്റുകൾ സബ്സിഡി നിരക്കിൽ അനുവദിക്കുക. 11.20 ലക്ഷം രൂപ വിലയുള്ള ഫ്ലാറ്റുകൾക്ക് അഞ്ചു ലക്ഷം രൂപ ബംഗളൂരു നഗര വികസന അതോറിറ്റി (ജി.ബി.എ) സബ്സിഡി ലഭ്യമാക്കും. ഇതിനു പുറമെ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സബ്സിഡി കൂടി ലഭിക്കുന്നതോടെ ജനറൽ വിഭാഗക്കാർക്ക് 8.70 ലക്ഷം രൂപ ഇളവ് ലഭിക്കും. ജനറൽ വിഭാഗത്തിന് ബാക്കി 2.5 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നൽകും. പട്ടിക വിഭാഗങ്ങൾക്ക് 9.50 ലക്ഷം രൂപ മൊത്തം സബ്സിഡി ലഭിക്കും.
പുറമെ 1.70 ലക്ഷം രൂപ വായ്പയായും ലഭ്യമാക്കും. ജനുവരി ഒന്ന് മുതൽ ഫ്ലാറ്റുകൾ നൽകി തുടങ്ങും. അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി സ്ഥലം സന്ദർശിച്ച് രേഖകൾ പരിശോധിക്കും. റേഷൻ കാർഡ്, ആധാർ തുടങ്ങിയ രേഖകൾ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ച് തീർപ്പുണ്ടാകും. ഭ
കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സർക്കാർ നൽകുന്ന ഭവന സമുച്ചയത്തിന്റെ ചിത്രം മുസ്‌ലിംലീഗ് പ്രതിനിധിസംഘത്തിന് മന്ത്രി സമീർ അഹമ്മദ് ഖാൻ കൈമാറി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നസീർ അഹ്മദ് എം.എൽ.സി, മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, അസി. സെക്രട്ടറി അഡ്വ. വികെ ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ, ദേശീയ സെക്രട്ടറി സി.കെ ശാക്കിർ, ദേശീയ സമിതി അംഗം സിദ്ദിഖ് തങ്ങൾ ബംഗളുരു, മൈനൊരിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. മുനീർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

