മകനായി സീറ്റൊഴിയുമെന്ന് യെദിയൂരപ്പ; കർണാടക ബി.ജെ.പിയിൽ മക്കൾ രാഷ്ട്രീയം
text_fieldsബെംഗളൂരു: സജീവ രാഷ്ട്രീയത്തില്‍ നിന്ന് പടിയിറങ്ങുകയാണെന്ന സൂചന നല്‍കി കര്‍ണാടക ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സിറ്റിങ് സീറ്റായ ശിവമോഗയിലെ ശിക്കാരിപുരിയില്‍ മകനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്രയെ മത്സരിപ്പിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയാണ്ണ് എഴുപത്തൊമ്പതുകാരനായ യെദിയൂരപ്പ.
1983 മുതല്‍ തുടര്‍ച്ചയായി ശിക്കാരിപുരിയില്‍ നിന്ന് മത്സരിക്കുന്ന യെദിയൂരപ്പ എട്ട് തവണയാണ് ജയിച്ചത്. നാല് തവണ കര്‍ണാടക മുഖ്യമന്ത്രിയും ആയി. 1999ല്‍ ശിക്കാരിപുരിയില്‍ അദ്ദേഹം തോല്‍വി രുചിച്ചിട്ടുമുണ്ട്. 2014ല്‍ ശിവമോഗയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുത്തതോടെ ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. അതില്‍ യെദിയൂരപ്പയുടെ മൂത്ത മകന്‍ ബി.വൈ. രാഘവേന്ദ്രയാണ് മത്സരിച്ച് ജയിച്ചത്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഒമ്പത് മാസം മാത്രമാണ് ഇനിയുള്ളത്. ഈ സാഹചര്യത്തില്‍ മകന്‍ വിജയേന്ദ്രയെ പകരക്കാരനായി വാഴിക്കാനുള്ള ശ്രമത്തിലാണ് യെദിയൂരപ്പ.
'എന്നെ അകമഴിഞ്ഞു പിന്തുണച്ചതുപോലെ വിജയേന്ദ്രയെയും പിന്തുണയ്ക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. വിജയേന്ദ്രയെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണം. ഞാന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തില്ല' എന്നാണ് യെദിയൂരപ്പ ശിക്കാരിപുരിയിലെ വോട്ടര്‍മാരോട് പറഞ്ഞത്. ആഴ്ചയിലൊരിക്കല്‍ മണ്ഡലം സന്ദര്‍ശിക്കുമെന്ന് ഉറപ്പ് നല്‍കിയ അദ്ദേഹം ബി.ജെ.പിയെ ശക്തിപ്പെടുത്താനും ആവശ്യപ്പെട്ടു.
ദക്ഷിണേന്ത്യയില്‍ ബി.ജെ.പി അധികാരത്തിലുള്ള ഒരേയൊരു സംസ്ഥാനമാണ് കര്‍ണാടക. പാര്‍ട്ടി തന്നെ അധികാരത്തില്‍ നിന്നും മാറ്റിയെന്ന ആരോപണം യെദിയൂരപ്പ തന്നെ നിഷേധിച്ചതിന് പിന്നാലെയാണ് ശിക്കാരിപുര സീറ്റില്‍ മകന്‍ പിന്‍ഗാമിയായി വരുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ വരാന്‍ അനുവദിക്കില്ലെന്നും, തെരഞ്ഞെടുപ്പ് എത്തും മുന്‍പേ മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം മത്സരിക്കുകയാണെന്നും സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും പരിഹസിച്ചു കൊണ്ട് യെദിയൂരപ്പ പറഞ്ഞു.
75 വയസ്സ് പിന്നിട്ടവരെ തെരഞ്ഞെടുപ്പ്, അധികാര രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തുക എന്ന ബി.ജെ.പി കേന്ദ്ര നയത്തിന്റെ ഭാഗമായാണ് യെദിയൂരപ്പയെ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയത്. ബസവരാജ് ബൊമ്മയാണ് നിലവിലെ കര്‍ണാടക മുഖ്യമന്ത്രി. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ ശേഷം പാര്‍ട്ടി നേതൃത്വത്തിനോട് അത്ര നല്ല ബന്ധമല്ല യെദിയൂരപ്പയ്ക്കുള്ളത് എന്ന ആരോപണം ശക്തമായിരുന്നു.
മകന്‍ വിജയേന്ദ്രയെ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞടുപ്പില്‍ മത്സരിപ്പിച്ച് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ യെദിയൂരപ്പ നീക്കം നടത്തിയിരുന്നെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ടതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. മൂത്ത മകന്‍ രാഘവേന്ദ്ര ഇപ്പോള്‍ ശിവമോഗ എം.പിയാണ്. അതേസമയം യെദിയൂരപ്പക്കെതിരായ ഭൂമി വിതരണ അഴിമതിക്കേസില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചിരുന്നു.
യദിയൂരപ്പയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും രംഗത്ത് എത്തിയിട്ടുണ്ട്. യദിയൂരപ്പയെ ബി.ജെ.പി ഉപയോഗിച്ച് വലിച്ചെറിയുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എത്ര വേദനിപ്പിച്ചാലും പാർട്ടിയെ പിന്തുണയ്ക്കുന്നയാളാണ് യെദിയൂരപ്പയെന്നും അദ്ദേഹം അനുഭവിച്ച വേദനയും പീഡനവും തനിക്കറിയാമെന്നും ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

