ബംഗളൂരു: കർണാടക നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി യെദിയൂരപ്പ രാജിവെച്ചു. നിയമസഭയിൽ നടത്തിയ വികാരനിർഭരമായ പ്രസംഗത്തിനൊടുവിലാണ് മുഖ്യമന്ത്രി രാജി പ്രഖ്യാപനം നടത്തിയത്.
വിശ്വാസ വോട്ട് നേടുന്നതിനായി എട്ട് എം.എൽ.എമാരെക്കൂടി ബി.ജെ.പി പക്ഷത്തേക്ക് കൊണ്ടുവരാൻ എല്ലാ സാധ്യതകളും പരീക്ഷിച്ച് പരാജയപ്പെട്ടതോടെയാണ് നാണം കെട്ട് യെദിയൂരപ്പ രാജിക്കൊരുങ്ങിയത്. യെദിയൂരപ്പക്ക് എതിരെ ആരോപണങ്ങൾ ഉയരുന്നതിനാൽ കൂടുതൽ പ്രശ്നങ്ങൾക്കിടവരുത്താതെ രാജി വെക്കുന്നതെന്നാണ് നല്ലതെന്ന അഭിപ്രായം കേന്ദ്ര ബി.ജെ.പി നേതാക്കളും പ്രകടിപ്പിച്ചതോടെയാണ് യെദൂരിയപ്പ രാജിക്ക് തയാറായത്. രാജിക്കത്ത് കൈമാറുന്നതിന് അദ്ദേഹം ഇന്ന് തന്നെ ഗവര്‍ണറെ കാണും.
‘കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഞാന്‍ കര്‍ണാടകയില്‍ ഉടനീളം സഞ്ചരിച്ചു. ജനങ്ങള്‍ നല്കിയ പിന്തുണയും സ്നേഹവും മറക്കാന്‍ കഴിയില്ല. ജനങ്ങള്‍ ഞങ്ങള്‍ക്ക് 104 സീറ്റ് നല്കി അനുഗ്രഹിച്ചു. കോണ്‍ഗ്രസും ജെ.ഡി.എസും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ് ബി.ജെ.പിയെ ഗവര്‍ണര്‍ ക്ഷണിച്ചത്. ആറര കോടി ജനങ്ങൾ പിന്തുണച്ചത് ബി.ജെ.പിയെ ആണ്. കോൺഗ്രസിനും ജനതാദളിനും ജനാധിപത്യത്തിൽ വിശ്വാസമില്ല എന്നും പ്രസംഗത്തിൽ യെദിയൂരപ്പ പറഞ്ഞു.
ഇന്ന് രാവിലെ മുതൽ കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും എം.എൽ.എമാരെ ബി.ജെ.പി റാഞ്ചിയെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തിൽ എം.എൽ.എമാരെയെല്ലാം സ്വന്തം പാളയത്തിൽ നിർത്തുകയായിരുന്നു. കുതിരക്കച്ചവടം നടക്കാതെ പോയതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്.
ബി.ജെ.പിക്ക് നിലവിൽ 104 എം.എൽ.എമാരുടെ പിന്തുണയാണുളളത്. ഭൂരിപക്ഷം തെളിയിക്കാൻ വേണ്ട 111 എന്ന സഖ്യയിലേക്ക് എത്താൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് യെദിയൂരപ്പക്ക് നിവൃത്തിയില്ലാതെ രാജിവെക്കേണ്ടിവന്നത്.