ജയിലിൽ നിരാഹാരമാരംഭിച്ച് യാസിൻ മാലിക്
text_fieldsന്യൂഡൽഹി: കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക് തിഹാർ ജയിലിൽ അനിശ്ചിതകാല നിരാഹാരമാരംഭിച്ചു. മാലിക് പ്രതിയായ റുബയ്യ സഈദ് തട്ടിക്കൊണ്ടുപോകൽ കേസിൽ ജമ്മു കോടതിയിൽ നടക്കുന്ന വാദം കേൾക്കലിൽ നേരിട്ട് ഹാജരാവണമെന്ന ആവശ്യത്തോട് സർക്കാർ പ്രതികരിക്കാത്തതിനെ തുടർന്നാണ് സമരമാരംഭിച്ചത്.
വെള്ളിയാഴ്ച നിരന്തരം ആവശ്യപ്പെട്ടിട്ടും ഭക്ഷണം കഴിക്കാൻ യാസിൻ മാലിക് കൂട്ടാക്കിയില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞു. 1989ൽ അന്നത്തെ ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മകളായ റുബയ്യയെ ജമ്മു-കശ്മീർ വിമോചന മുന്നണി (ജെ.കെ.എൽ.എഫ്) തട്ടിക്കൊണ്ടു പോയതായാണ് കേസ്. ജെ.കെ.എൽ.എഫ് തലവനായ യാസിൻ മാലിക്കിനെ കഴിഞ്ഞ മേയിൽ തീവ്രവാദ ഫണ്ടിങ് കേസിൽ ഡൽഹി കോടതി ശിക്ഷിച്ചിരുന്നു.
2019 ൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത മാലിക് വിവിധ കേസുകളിലെ ശിക്ഷകൾ ഒരുമിച്ചനുഭവിക്കുകയാണിപ്പോൾ. തിഹാർ ജയിലിൽ ഏഴാം നമ്പർ സെല്ലിൽ അതീവ സുരക്ഷയോടെയാണ് അദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നത്.