മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാന്തി യാത്രയുമായി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ. മുംബൈയിൽ നിന്ന് ഡ ൽഹി വരെ 3,000 കിലോ മീറ്റർ ദൂരത്തിലാണ് സിൻഹ ശാന്തി യാത്ര നടത്തുക. സി.എ.എ പിൻവലിക്കുക എന്നതാണ് യാത്രയുടെ പ്രധാന ആവ ശ്യം.
മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ ശാന്തിയാത്ര കടന്നു പോകും. ജനുവരി 30ന് ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിൽ രാജ്ഘട്ടിൽ യാത്ര സമാപിക്കും. ദക്ഷിണ മുംബൈയിൽ എൻ.സി.പി അധ്യക്ഷൻ ശരത് പവാറാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. നിരവധി സംഘടനകൾ മാർച്ചിൻെറ ഭാഗമാകുമെന്ന് സിൻഹ പറഞ്ഞു.
മൂന്ന് പ്രധാന ആവശ്യങ്ങളാണ് മാർച്ച് മുന്നോട്ട് വെക്കുന്നതെന്ന് സിൻഹ വ്യക്തമാക്കി. സി.എ.എ പിൻവലിക്കുക, സി.എ.എ പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമസംഭവങ്ങളിൽ അന്വേഷണം നടത്തുക, എൻ.ആർ.സി നടപ്പാക്കുന്നതിൽ നിന്ന് പിന്തിരിയുക എന്നതാണ് ലക്ഷ്യങ്ങളെന്ന് സിൻഹ പറഞ്ഞു. യശ്വന്ത് സിൻഹക്കൊപ്പം മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ, മുൻ എം.പി ശത്രുഘ്നൻ സിൻഹ, വിദർഭ കോൺഗ്രസ് നേതാവ് ആശിഷ് ദേശ്മുഖ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.