Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസെറിബ്രൽ പാൾസിയോട്​...

സെറിബ്രൽ പാൾസിയോട്​ പോരാടി; ക്യാറ്റ്​ പരീക്ഷ പാസായ യഷിന്​ ഐ.എം.എമ്മിൽ പ്രവേശനം

text_fields
bookmark_border
സെറിബ്രൽ പാൾസിയോട്​ പോരാടി; ക്യാറ്റ്​ പരീക്ഷ പാസായ യഷിന്​ ഐ.എം.എമ്മിൽ പ്രവേശനം
cancel

മു​ംബൈ: ''സാധ്യമല്ലാത്തതായി ഒന്നുമില്ല''സെറിബ്രൽ പാൾസി, ഡിസ്‌ലെക്‌സിയ, ഡിസാർത്രിയ എന്നീ ശാരീരികാവസ്ഥകളോട്​ പോരാടി ഐ.ഐ.എമ്മുകള്‍ ഉള്‍പ്പെടെ മുന്‍നിര ബിസിനസ് സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ക്യാറ്റ് പരീക്ഷ 92 ശതമാനം മാർക്കോടെ പാസായ യഷ്​ അവധേഷ്​ ഗാന്ധിയെന്ന 21 കാര​െൻറ വാക്കുകളാണിത്​. എഴുതാനും വായിക്കാനും സംസാരിക്കാനും എഴുന്നേറ്റ്​ നടക്കാൻ പോലും ബുദ്ധിമുട്ടുള്ള യഷിന്​ മറ്റ്​ വിദ്യാർഥികൾക്കൊപ്പം പരീക്ഷയെഴുതി വിജയിക്കുക എന്നത്​ കഠിനം തന്നെയായിരുന്നു. എന്നാൽ കടലലോളം ആത്മവിശ്വാസവുമായി ത​െൻറ രോഗാവസ്ഥയെ മറികടന്ന യഷ്​ അവധേഷ്​ ക്യാറ്റ്​ പരീക്ഷയിൽ 92.5 ശതമാനം മാർക്ക്​ വാങ്ങി. അംഗപരിമിതർക്കുള്ള സംവരണത്തിൽ യഷിന്​ ലഖ്​നോ ഐ.ഐ.എമ്മിൽ പ്രവേശനവും ലഭിച്ചു.

യഷ്​ മുംബൈയിലെ മിത്തിബായ് കോളേജിൽ ആദ്യ അഞ്ചുറാങ്കുകാരിൽ ഒരാളായാണ്​ അക്കൗണ്ടിങ്ങ്​ ആൻറ്​ ഫിനാൻസിൽ ബിരുദം നേടിയത്​. 2018 ജൂലൈ മുതൽ ക്യാറ്റ്​ പരീക്ഷക്കുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു. ക്യാറ്റ്​ പരീക്ഷയിൽ വിജയിച്ചതോടെ കോഴിക്കോട്, ഇൻഡോർ എന്നിവയുൾപ്പെടെ നിരവധി ഐ.ഐ.എമ്മുകളിൽ നിന്ന് പ്രവേശനത്തിന്​ കത്ത്​ ലഭിച്ചെങ്കിലും റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന ലഖ്​നോ ഐ.ഐ.എം തിരഞ്ഞെടുക്കുകയായിരുന്നു.

" എനിക്ക്​ അക്കങ്ങൾ ഉപയോഗിക്കുന്നതിൽ നല്ല ബുദ്ധിമുട്ടുണ്ട്​. അതിനാൽ ക്വാൻറ്റിറ്റേറ്റിവ് എബിലിറ്റി വിഭാഗത്തിൽ മറ്റുള്ളവരേക്കാൾ വളരെ അധികം എനിക്ക്​ പരിശ്രമിക്കേണ്ടി വന്നു. എന്നാൽ അത്​ അസാധ്യമല്ലായിരിക്കുന്നു''- യഷ്​ മാധ്യമപ്രവർത്തകരോട്​ വിവരിച്ചു.

സംസാരത്തിനുള്ള പേശികളെ ബാധിക്കുന്ന ഡിസാർത്രിയ ഉണ്ടെങ്കിലും അവൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും ചിന്തകളും മറ്റുള്ളവരെ വ്യക്തമായി അറിയിക്കാൻ യഷ്​ ശ്രമിക്കാറുണ്ട്​. ക്യാറ്റ്​ പരീക്ഷ എഴുതാൻ മറ്റൊരാളുടെ സഹായവും യഷിന്​ വേണ്ടിവന്നിരുന്നു.

സ്​കൂൾ കാലഘട്ടം മുതൽ യഷിന്​ പ്രചോദനവും പിന്തുണയുമായി കൂടെ നിന്നത്​ മാതാപിതാക്കൾ തന്നെയാണ്​. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പിതാവ്​ അവധേഷ്​​ ഗാന്ധിയും മാതാവ്​ ജിഗ്​നാഷയും പരിശ്രമത്തിലൂടെ എല്ലാം നേടാമെന്ന ആത്​മവിശ്വസം പകർന്നിരുന്നു.

"സ്കൂളിൽ ചേർന്നപ്പോൾ, പഠനത്തിൽ ബുദ്ധിമുട്ട് ഉള്ളതിനാൽ സമപ്രായക്കാർക്കൊപ്പം യഷിന്​ കഴിഞ്ഞിരുന്നില്ല. പക്ഷേ അവൻ പിൻമാറിയില്ല. പതിയെ സാധാരണ കുട്ടികളേക്കാൾ കഠിനാധ്വാനം ചെയ്​ത്​ മുന്നോട്ടുവന്നു''- അവധേഷ്​ ഗാന്ധി മക​െൻറ കഠിനാധവാനത്തെ കുറിച്ച്​ വാചാലനായി.

''അവന് എന്തും ചെയ്യാനുള്ള കഴിവുണ്ടെന്നും ഒരു ശ്രമത്തിലൂടെ ഒന്നും അവസാനിപ്പിക്കരുതെന്നും ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു. ഇതിനുശേഷം യാഷ് വീണ്ടും പഠനം ആരംഭിച്ചു''- ഉച്ചഭക്ഷണ കാൻറീനിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന യാഷിൻെറ അമ്മ ജിഗ്​നാഷ പറഞ്ഞു.

എഴുത്ത്​ ബുദ്ധിമുട്ടാണെങ്കിലും കഴിയുന്ന രീതിയിൽ കുറിപ്പുകളെഴുതിയും വീണ്ടും വീണ്ടും പാഠഭാഗങ്ങൾ കേട്ടുമാണ്​ യഷ്​ പഠിച്ചിരുന്നത്​. പഠന പ്രശ്​നങ്ങൾ നേരിടുന്ന വിദ്യാർഥികൾക്ക്​ പ്രചോദനമാവുകയാണ്​ യഷ്​ അവധേഷ്​ എന്ന മിടുക്കൻ.

Show Full Article
TAGS:Yash Avadhesh IIM Lucknow CAT cerebral palsy dyslexia 
Next Story