യമുനയെ ശുദ്ധീകരിക്കുന്നു; ഡിസംബറോടെ മലിനജലം ഒഴുക്കുന്നത് തടയും
text_fieldsന്യൂഡൽഹി: ഡിസംബർ അവസാനത്തോടെ ഡൽഹിയിൽ യമുന നദിയിലേക്കുള്ള മലിനജല പ്രവാഹം നിർത്തലാക്കാൻ അഴുക്കുചാലുകൾ അടക്കുമെന്ന് അധികൃതർ. ഈ വർഷം ഡിസംബറിനകം പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. രാജ്യത്തെ ഏറ്റവും മലിനമായ നദികളിൽ ഒന്നാണ് 1300 കിലോമീറ്റർ നീളമുള്ള യമുന. ഇതിൽ 22 കിലോമീറ്റർ ദൂരം മാത്രമാണ് ഡൽഹിയിലൂടെ ഒഴുകുന്നത്. രാജ്യതലസ്ഥാനത്തെ പകുതിയിലധികം വരുന്ന പ്രദേശങ്ങളിലേക്കും വെള്ളം ലഭിക്കുന്നതും യമുനയിൽനിന്നാണ്.
യമുനയിലേക്ക് മലിനജലം എത്തിക്കുന്ന 18 ഓവുചാലുകളാണുള്ളത്. ഈ ഓവുചാലുകളിൽ നിന്നുള്ള ജലം മലിനജല ശുദ്ധീകരണ പ്ലാന്‍റുകളിലേക്ക് (എസ്.ടി.പി) തിരിച്ചുവിടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഗംഗ നദി ശുചീകരണ പദ്ധതി (എൻ.എം.സി.ജി) ഡയറക്ടർ ജനറൽ ജി. അശോക് കുമാർ പറഞ്ഞു. ശുദ്ധീകരിച്ച ജലം തിരികെ നദിയിലേക്ക് തിരിച്ചുവിടുന്നത് വഴി നദിയിലെ ഒഴുക്ക് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലിനജലത്തിന്‍റെ ഒഴുക്ക് കുറയുന്നതോടെ അടുത്ത പടിയായി നദിയിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കുമെന്നും അശോക് കുമാർ പറഞ്ഞു. നദിയിലേക്കുള്ള 98 ശതമാനം മലിനജലവും എത്തുന്നത് രാജ്യതലസ്ഥാനത്ത് നിന്നാണെന്ന് അധികൃതർ അറിയിച്ചു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.പി.സി.ബി) കണക്കുകൾ പ്രകാരം ഡൽഹിയിൽ പ്രതിദിനം 3800 ദശലക്ഷം ലിറ്റർ മലിനജലമാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. യമുനയിലെ മലിനീകരണത്തിന്റെ നോൺ പോയിന്റ് സ്രോതസ്സുകളും എൻ.എം.സി.ജി പരിശോധിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

