യമുന നദിയിലെ ജലനിരപ്പ് വീണ്ടും അപകടനിലയിൽ, ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി; ട്രെയിനുകൾ വഴി തിരിച്ചുവിട്ടു
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനത്തതോടെ ഡൽഹിയിൽ ആശങ്ക ഉയർത്തി യമുന നദിയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. രാവിലെ ഏഴു മണിയിലെ കണക്ക് പ്രകാരം 206.66 മീറ്ററാണ് യമുന നദിയിലെ നിലവിലെ ജലനിരപ്പ്. ഓൾഡ് യമുന ബ്രിഡ്ജിൽ മുട്ടിയ നിലയിലാണ് വെള്ളം ഒഴുകുന്നത്.
ഞായറാഴ്ച 205.33 മീറ്ററായിരുന്ന ജലനിരപ്പ് രാത്രിയോടെ 206.44 മീറ്ററിലെത്തി. 205.33 മീറ്ററാണ് നദിയിലെ അപകടനില. ജൂലൈ 13ന് ജലനിരപ്പ് 208.66 മീറ്ററിൽ എത്തിയിരുന്നു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും കനത്ത മഴ തുടരുന്നതാണ് യമുന നദിയിൽ ജലനിരപ്പ് ഉയരാൻ കാരണം.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാൻ അധികൃതർ നിർദേശം നൽകി. മഴ കുറഞ്ഞതോടെ വീടുകളിലേക്ക് തിരികെ മടങ്ങാൻ ആളുകൾ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും ജലനിരപ്പ് ഉയർന്നത്.
അതേസമയം, പഴയ യമുന ബ്രിഡ്ജിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായി നോർത്തേൺ റെയിൽവേ നിർത്തിവെച്ചു. ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിനുകൾ ന്യൂഡൽഹി വഴി തിരിച്ചുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

