മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിക്കുന്നു; യുംനം ഖേംചന്ദ് പുതിയ മുഖ്യമന്ത്രിയാകും
text_fieldsമണിപ്പൂർ മുഖ്യമന്ത്രിയായ നിർദേശിച്ച യുംനം ഖേംചന്ദും നെംച കിപ്ജെനും ബി.ജെ.പി ആസ്ഥാനത്ത്
ഇംഫാൽ: ഒരു വർഷത്തെ പ്രസിഡന്റ് ഭരണം അവസാനിപ്പിച്ചുകൊണ്ട് മണിപ്പൂരിന് പുതിയ മുഖ്യമന്ത്രി. പ്രസിഡന്റ് ഭരണത്തിന്റെ ഒരു വർഷ കാലാവധി പൂർത്തിയാകാനിരിക്കെ പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിർന്ന ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ യുംനം ഖേംചന്ദിനെ നിർദേശിച്ചു. ഡൽഹിയിൽ ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതീൻ നബീൻ ഉൾപ്പെടെ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് നിയമസഭാ കക്ഷി നേതാവായി യുംനം ഖേംചന്ദ് സിങ്ങിനെ തെരഞ്ഞെടുത്തത്.
60 അംഗ നിയമസഭയിൽ 37 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. 32 പേർ 2022ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് അംഗങ്ങളായവരും, അഞ്ചുപേർ പിന്നീട് കൂറുമാറിയെത്തിയവരുമാണ്. എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവിന് ആറ് സീറ്റുമുണ്ട്.
കുകി-മെയ്തേയ് കലാപത്തിനു പിന്നാലെ, മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചതോടെയാണ് 2025 ഫെബ്രുവരി ഒമ്പതിന് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി കഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ബി.ജെ.പി പുതിയ മുഖ്യമന്ത്രിയെ നിയമിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചത്.
രണ്ടു തവണ എം.എൽ.എയായ യുംനം ഖേംചന്ദ് മെയ്തേയ് സമുദായ അംഗമാണ്. മെയ്തേയ് വിഭാഗക്കാരൻ മുഖ്യമന്ത്രിയാകുമ്പോൾ, കുകി സമുദായാംഗമായ വനിതാ എം.എൽ.എ നെംച കിപ്ജെൻ ഉപമുഖ്യമന്ത്രിയാകും.
2017 ആദ്യമായി എം.എൽ.എ ആയ യുംനാ ഖേംചന്ദ് മണിപ്പൂർ നിയമസഭാ സ്പീക്കറുമായി. 2022ൽ ബിരേൻ സിങ് മന്ത്രിസഭയിൽ നഗരവികസനം, വിദ്യാഭ്യാസം, പഞ്ചായത്ത് രാജ് ഉൾപ്പെടെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

