വീണ്ടും കോൺഗ്രസിനെ വെട്ടിലാക്കി തരൂർ; പുറത്താക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ മുറവിളി, രാഹുലിന്റേത് കോൺഗ്രസിന്റെ ആശയമെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഒരിടവേളക്ക് ശേഷം വീണ്ടും കോൺഗ്രസിനെ പ്രതിരോധത്തിലാക്കി ശശി തരൂർ എം.പി. തന്നെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും താരതമ്യം ചെയ്യുന്ന എക്സിലെ കുറിപ്പ് പങ്കിട്ടായിരുന്നു ഇക്കുറി തരൂരിന്റെ നീക്കം. രാഹുൽ ഗാന്ധിയും രാഹുലും കോൺഗ്രസിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകൾ പ്രതിഫലിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി @CivitasSameer എന്ന എക്സ് അക്കൗണ്ടിൽ നിന്നുള്ള കുറിപ്പാണ് ശശി തരൂർ പങ്കുവെച്ചത്.
ഇരുനേതാക്കളും രണ്ട് കോൺഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഇരുവരെയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാത്തതാണ് പാർട്ടിക്ക് മുന്നിലുള്ള വെല്ലുവിളിയെന്നും കുറിപ്പിൽ പറയുന്നു. തരൂരിനേപ്പോലുള്ള നേതാക്കളെ പാർട്ടി ഒതുക്കുന്നുവെന്നും ദിശാബോധമില്ലാതെയാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നതെന്നും കുറിപ്പിൽ ആരോപണമുണ്ട്.
കുറിപ്പിലെ അഭിപ്രായപ്രകടനങ്ങളെ ശരിവെച്ചുകൊണ്ടാണ് തരൂർ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘ചിന്തനീയമായ അവലോകനത്തിന് നന്ദി. പാർട്ടിയിൽ എല്ലായ്‌പ്പോഴും ഒന്നിലധികം പ്രവണതകൾ ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ നിരീക്ഷണം ശരിയാണ്. നിലവിലെ സാഹചര്യം വ്യക്തമായി പ്രതിഫലിപ്പിക്കുന്നതാണ് ഈ പോസ്റ്റ്’ എന്നെഴുതിയാണ് തരൂർ കുറിപ്പ് പങ്കിട്ടത്.
അതേസമയം, തരൂരിന്റെ നടപടിയിൽ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. തുടരെ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയെന്നത് തരൂരിന് ശീലമായി മാറിയിട്ടുണ്ടെന്ന് പലരും കുറിപ്പിന് താഴെ എഴുതി. കുറിപ്പിലെ വാദം പൂർണമായി തള്ളുന്നുവെന്ന് @shubhshaurya1 എന്ന ഉപയോക്താവ് കുറിച്ചു. തരൂർ കോൺഗ്രസിൽ തുടരുന്നത് തന്നെ വ്യത്യസ്ത കാഴ്ചപ്പാടുകൾ പാർട്ടിക്കുള്ളിൽ നിലനിൽക്കുമെന്ന് തെളിയിക്കുന്നതാണ്. അദ്ദേഹത്തെ പുറത്താക്കേണ്ടതുണ്ടെന്നാണ് കരുതുന്നത്. പാർട്ടിയില്ലാതെ രാഷ്ട്രീയ നിലനിൽപ്പില്ലെന്ന് അദ്ദേഹം മനസിലാക്കേണ്ടതുണ്ട് ഉപയോക്താവ് കുറിച്ചു.
കോൺഗ്രസിനെയും നേതൃത്വത്തെയും രൂക്ഷമായി വിമർശിക്കുന്നതാണ് തരൂർ പങ്കുവെച്ച കുറിപ്പ്. അന്ധമായി എന്തിനെയും എതിർക്കുക എന്ന തരത്തിലേക്ക് കോൺഗ്രസിന്റെ സ്വഭാവം മാറി. ഒരു ദേശീയ പാർട്ടിയെന്ന നിലയിൽ ഈ പ്രവണത തുടരുന്നത് അപകടകരമാണ്. ഭരണപരമായ ആദര്‍ശമില്ലാത്ത പ്രതിപക്ഷം രാഷ്ട്രീയമായ ജീര്‍ണതയാണ് വ്യക്തമാക്കുന്നത്. പാവങ്ങളുടെ മിശിഹ ആകാൻ നോക്കിയ കോൺഗ്രസ് ബി.ജെ.പിക്ക് മുന്നിൽ പരാജയപ്പെട്ടെന്നും കുറിപ്പിൽ ആരോപിക്കുന്നു.
ആരോപിക്കപ്പെടുന്നത് പോലെ തരൂർ ഒരിക്കലും വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടില്ല. ആദ്യംമുതൽ അദ്ദേഹം ഒരു ഹിന്ദുവായിരുന്നു. ‘വൈ ഐ ആം എ ഹിന്ദു’ എന്ന പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. 2022ലെ കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന്റെ പിന്തുണയില്ലാതെ 11 ശതമാനം വോട്ടുകൾ നേടാൻ കഴിഞ്ഞ ഒരാൾക്ക്, ഈ ഘട്ടത്തിൽ, അവരേക്കാൾ പൊതുജനങ്ങളുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹമില്ലെങ്കിൽ കോൺഗ്രസിന് നഗരങ്ങളിലെ ഉന്നതരുടെ പിന്തുണ കൂടുതൽ നഷ്ടമാകുമെന്നും കുറിപ്പിൽ പറയുന്നു.
കോൺഗ്രസ് നേതൃത്വത്തെ തുടരെ വെട്ടിലാക്കുന്നതാണ് തരൂരിന്റെ നിലപാടുകൾ. അടുത്തിടെ രാഷ്ട്രീയത്തിലെ കുടുംബാധിപത്യം ചൂണ്ടിക്കാട്ടി നെഹ്റു കുടുംബത്തെയടക്കം പേരെടുത്ത് വിമർശിച്ച തരൂരിന് ബി.ജെ.പിയുടെ കൈയടി കിട്ടിയിരുന്നു. കുടുംബവാഴ്ചക്ക് പകരം കഴിവിനെയാണ് അംഗീകരിക്കേണ്ടതെന്നും തരൂർ പറയുകയുണ്ടായി. മോദിയെയും അദ്വാനിയെയും പ്രകീർത്തിച്ച് തരൂർ രംഗത്തെത്തിയത് കോൺഗ്രസിൽ കടുത്ത വിമർശനത്തിന് കാരണമായിരുന്നു.
‘രാഹുലിന്റേത് കോൺഗ്രസിന്റെ ആശയം’ തരൂരിനെ തള്ളി ചെന്നിത്തല
ശശി തരൂരിനും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുള്ളില്‍ വ്യത്യസ്ത പ്രത്യയശാസ്ത്രമെന്ന രീതിയിൽ തരൂരിന്റെ പരാമര്‍ശത്തെ തള്ളി രമേശ് ചെന്നിത്തല. രാഹുലിന്റേത് കോൺഗ്രസിന്റെ ആശയമാണ്. കോൺഗ്രസിൽ നിലനിൽക്കുന്നിടത്തോളം കാലം പാര്‍ട്ടിയുടെ ആശയങ്ങളും പ്രത്യയശാസ്ത്രവും പിന്തുടരാൻ ശശി തരൂരിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ എം.പി എന്ന നിലയിൽ പാർട്ടിയുടെ ആദർശം പിന്തുടരാൻ തരൂർ ബാധ്യസ്ഥനാണ്. അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ല എഴുത്തുകാരനും അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ആളുമാണ്. ചിലപ്പോൾ ചില കാര്യങ്ങളിൽ അദ്ദേഹം അഭിപ്രായം പറഞ്ഞെന്നിരിക്കും. പ്രത്യയശാസ്ത്രപരമായ വ്യത്യാസം ഉണ്ടെങ്കിൽ എങ്ങനെയാണ് അദ്ദേഹം കോൺഗ്രസിൽ നിൽക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

