‘ചോദ്യപേപ്പർ ചോർച്ച പ്രധാനമന്ത്രിയെ ഒരാഴ്ച മുമ്പ് വിവരമറിയിച്ചു’
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച പരീക്ഷക്ക് ഒരാഴ്ച മുേമ്പ പ്രധാനമന്ത്രിയെ കത്തെഴുതി അറിയിച്ചിരുന്നതായി വിദ്യാർഥിനി. ലുധിയാനയിലെ ജാൻവി ബെഹലാണ് ആരോപണം ഉന്നയിച്ചത്. സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് പ്രധാനമന്ത്രിക്ക് കത്തയക്കുകയും ലോക്കൽ പൊലീസിന് പരാതി നൽകുകയും ചെയ്തത്. എന്നാൽ, ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് വിദ്യാർഥിനി ആരോപിച്ചു.
ജാൻവിയും സഹപാഠികളും അധ്യാപകനും ചേർന്ന് വാട്സ്ആപ് വഴി ചോദ്യം ചോർത്തുന്നവരുമായി ബന്ധപ്പെട്ടിരുന്നു. ഇതിെൻറ തെളിവ് സഹിതമാണ് പരാതി നൽകിയത്. കഴിഞ്ഞദിവസം മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ ചോദ്യപേപ്പർ ചോരുന്നത് തടയുന്നതിന് വിദ്യാർഥികളുടെ സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി ജാൻവി രംഗത്തുവന്നത്.
അതോടൊപ്പം,12ാം ക്ലാസ് ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി വിദ്യാർഥികൾ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ സി.ബി.എസ്.ഇ ഒാഫിസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. എന്നാൽ, ഹിന്ദി ചോദ്യപേപ്പർ ചോർന്നെന്ന ആരോപണം സി.ബി.എസ്.ഇ തള്ളി. വ്യാജ ആരോപണമാണിതെന്ന് ചെയർപേഴ്സൺ ചീഫ് അനിത കർവാൾ പറഞ്ഞു. പത്താം ക്ലാസ് പരീക്ഷ നടത്തുകയാണെങ്കിൽ ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിൽ മാത്രമേ ഉണ്ടാവൂ എന്ന് വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കർ ശനിയാഴ്ചയും ട്വിറ്ററിലൂടെ ആവർത്തിച്ചു. എന്നാൽ, എല്ലാ പരീക്ഷകളും വീണ്ടും നടത്തണമെന്നാണ് സമരത്തിനിറങ്ങിയ വിദ്യാർഥികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
