Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right13 വർഷം ജയിലിൽ, ഒടുവിൽ...

13 വർഷം ജയിലിൽ, ഒടുവിൽ നിരപരാധി; ദലിത് എം.ബി.ബി.എസ് വിദ്യാർഥിക്ക് 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

text_fields
bookmark_border
13 വർഷം ജയിലിൽ, ഒടുവിൽ നിരപരാധി; ദലിത് എം.ബി.ബി.എസ് വിദ്യാർഥിക്ക് 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
cancel
Listen to this Article

ഭോപ്പാൽ: ഈ വിധിയെ നീതിയെന്ന് വിളിക്കാമോ എന്നറിയില്ല, എങ്കിലും ചന്ദ്രേഷ് മാർസ്കോൾ കാലങ്ങളായി കാത്തിരുന്ന വിധി നീതിപീഠത്തിൽനിന്ന് ലഭിച്ചിരിക്കുന്നു. കൊലക്കേസ് പ്രതിയായി ജീവപര്യന്തം തടവിന് ശിക്ഷിച്ച കീഴ്കോടതി വിധി തെറ്റാണെന്നും ചന്ദ്രേഷിനെ മോചിപ്പിക്കണമെന്നുമാണ് മധ്യപ്രദേശ് ഹൈകോടതിയുടെ ഉത്തരവ്.

90 ദിവസത്തിനകം 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വൈകിയാൽ ഒമ്പത് ശതമാനം പലിശ സഹിതം നൽകണമെന്നും വിധിയിൽ പറയുന്നു.

പെൺസുഹൃത്ത് ശ്രുതി ഹില്ലി​നെ കൊലപ്പെടുത്തിയ കേസിൽ 2008 ആഗസ്റ്റ് 25നാണ് ചന്ദ്രേഷ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഭോപാൽ ഗാന്ധി മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർത്ഥിയായിരുന്ന മാർസ്കോൾ, 2008 സെപ്തംബർ 19-ന് ശ്രുതിയെ കോളജ് ഹോസ്റ്റൽ മുറിയിൽ വെച്ച് കൊലപ്പെടുത്തി, തന്റെ സീനിയറായ ഡോ. ഹേമന്ത് വർമ്മയുടെ എസ്‌യുവിയിൽ മൃതദേഹം ഹോഷംഗബാദ് ജില്ലയിലെ പഞ്ച്മറിയിൽ കൊണ്ടുപോയി സംസ്കരിച്ചുവെന്നാണ് കേസ്. വർമ്മയും ഡ്രൈവർ രാംപ്രസാദും കേസിലെ പ്രധാന സാക്ഷികളായിരുന്നു. എന്നാൽ, വർമയാണ് പ്രതിയെന്നും ഇയാളെ രക്ഷിക്കാൻ അന്വേഷണസംഘം ഇടപെട്ടതെന്നുമാണ് ഹൈകോടതിയുടെ കണ്ടെത്തൽ.

തുടർച്ചയായി 13 വർഷമാണ് ​ചന്ദ്രേഷ് ജയിലിൽ കഴിഞ്ഞത്. ആദ്യം വിചാരണത്തടവുകാരനായും പിന്നീട് കുറ്റവാളിയുമായിട്ടായിരുന്നു ഈ തടവറവാസം. പൊലീസും കോടതിയും കൊലപാതകിയായി മുദ്രചാർത്തിയ, ഈ ദലിത് യുവാവിന്റെ പഠനം കേസിൽ പ്രതിചേർക്കപ്പെട്ടതോടെ മുടങ്ങി. ജോലി സ്വപ്നങ്ങൾ തകർന്നു. 2009 ജൂലൈയിലാണ് ഭോപ്പാൽ കോടതി ചന്ദ്രേഷിനെ കുറ്റവാളിയായി വിധിച്ചത്. ഇതിനെതിരെ അന്നുമുതൽ നിയമപോരാട്ടത്തിലായിരുന്നു ബാലാഘട്ട് സ്വദേശിയായ ഈ യുവാവ്.

തന്റെ നിരപരാധിത്വം അംഗീകരിച്ചുകൊണ്ട് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് വന്നതോടെ ഭോപ്പാൽ സെൻട്രൽ ജയിലിൽ നിന്ന് ഉടൻ മോചിതനാകും. പ്രോസിക്യൂഷനും അന്വേഷണ സംഘവും ദുരുദ്ദേശ്യപരമായും മുൻവിധിയോടെയും തുടക്കംമുതൽ ഇടപെട്ടതി​ന്റെ വൃത്തികെട്ട കഥയാണ് ഈ കേസ് വെളിപ്പെടുത്തുന്നതെന്ന് ഹൈകോടതി ജബൽപൂർ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ചന്ദ്രേഷിനെ കള്ളക്കേസിൽ കുടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പൊലീസ് കേസ് അന്വേഷിച്ചതെന്നും അതേ മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റും പ്രോസിക്യൂഷൻ സാക്ഷിയുമായ ഡോ. ഹേമന്ത് വർമ്മയെ രക്ഷിക്കാനായിരിക്കാം ഈ ഇടപെടലെന്നും കോടതി വ്യക്തമാക്കി.

'അറസ്റ്റിലാകുമ്പോൾ ചന്ദ്രേഷിന് 23 വയസ്സായിരുന്നു. ഇപ്പോൾ വയസ്സ് 36. എത്ര പണം നൽകിയാലും യൗവനം തടവറയിലടച്ചതിന് നഷ്ടപരിഹാരമാകില്ല. നഷ്ടപ്പെട്ട പഠനവും ജീവിതവും തി​രി​കെ കൊണ്ടുവരാൻ കഴിയില്ല. ദുരുദ്ദേശ്യപരമായ അന്വേഷണത്തിൽ സത്യം ബലികഴിക്കപ്പെട്ടതിന്റെ ഇരയാണ് അദ്ദേഹം" -ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് പിന്നാക്ക സമുദായങ്ങൾ നേരിടുന്ന അനാദരവും വിവേചനവും അടിച്ചമർത്തലും കുപ്രസിദ്ധമായ വസ്തുതയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

പൊലീസിനെയും പ്രോസിക്യൂഷനെയും ഹൈകോടതി രൂക്ഷമായി വിമർശിച്ചു. "പൊലീസ് തികച്ചും പക്ഷപാതപരമായാണ് ഇടപെട്ടത്. പരാതിക്കാരന്റെ പക്ഷത്തുനിന്ന് കുറ്റം അന്വേഷിച്ചില്ല. പൊലീസിന്റെ പെരുമാറ്റം ദുരുദ്ദേശ്യപരമാണെന്നും ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ഉറപ്പാക്കാനും ഡോ. വർമ്മയെ സംരക്ഷിക്കാനുമാണ് അന്വേഷണസംഘം ശ്രമിച്ചതെന്ന് ഞങ്ങൾ കണ്ടെത്തി"- വിധിയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wrongly convicteddalit
News Summary - Wrongly convicted tribal man gets out of Bhopal jail after 13 years
Next Story