എസ്.ഐ.ആറിൽ തെറ്റായ വിവരങ്ങൾ; ആദ്യ കേസ് ഉത്തർപ്രദേശിൽ
text_fieldsന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) വേളയിൽ തെറ്റായ വിവരങ്ങൾ പൂരിപ്പിച്ചുനൽകിയെന്ന് ആരോപിച്ച് സ്ത്രീക്കും രണ്ട് മക്കൾക്കുമെതിരെ ഉത്തർപ്രദേശിൽ കേസെടുത്തു. റാംപുർ സ്വദേശികളായ നൂർജഹാൻ, മക്കളായ ആമിർ ഖാൻ, ദാനിഷ് ഖാൻ എന്നിവർക്കെതിരെയാണ് കേസ്. വോട്ടർ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യുമ്പോഴാണ് പൊരുത്തക്കേടുകൾ കണ്ടെത്തിയതെന്ന് ജില്ല മജിസ്ട്രേറ്റ് എ.കെ. ദ്വിവേദി പറഞ്ഞു.
വർഷങ്ങളായി ദുബൈയിലും കുവൈത്തിലുമായി കഴിയുന്ന രണ്ട് ആൺമക്കളുടെ പേര് നൂർജഹാനാണ് എന്യൂമറേഷൻ ഫോമിൽ എഴുതി നൽകിയത്. മക്കൾ സ്ഥലത്ത് ഇല്ലെന്ന കാര്യം മാതാവ് മറച്ചുവെക്കുകയും അവരുടെ ഒപ്പുകൾ വ്യാജമായി ഇടുകയും ചെയ്തുവെന്നാണ് ആരോപണം. ഭാരതീയ ന്യായ സംഹിതയുടെ 237ാം വകുപ്പിന് കീഴിൽ നൂർജഹാനും രണ്ട് മക്കൾക്കുമെതിരെ മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് രജിസ്ട്രേഷൻ ഓഫിസർ എഫ്.ഐ.ആർ ഫയൽ ചെയ്തു.
രണ്ട് സ്ഥലങ്ങളിൽനിന്ന് ഒരേ വ്യക്തി അബദ്ധത്തിൽ രണ്ട് ഫോമുകൾ സമർപ്പിച്ചാൽ അത് ബന്ധപ്പെട്ട ബി.എൽ.ഒയെ സമീപിച്ച് ഉടൻ തിരുത്താനുള്ള അവസരമുണ്ട്. എന്നാൽ, സൂക്ഷ്മപരിശോധനയിൽ അത് മനഃപൂർവം ചെയ്തതാണെന്ന് ബോധ്യപ്പെട്ടാൽ കർശന നിയമനടപടി ഉണ്ടാകുമെന്നും ജില്ല മജിസ്ട്രേറ്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

