ബുക്കർ പുരസ്കാര ചടങ്ങിൽ ധരിക്കേണ്ട സിൽക്ക് സാരി കാണാതായി; മക്കൾ ലണ്ടനിൽനിന്ന് സംഘടിപ്പിച്ചു നൽകിയ മറ്റൊരു സാരിയിൽ ബാനു മുഷ്താഖ് പുരസ്കാരം സ്വീകരിച്ചു
text_fieldsബംഗളൂരു: ലണ്ടനിൽ ബുക്കർ പുരസ്കാര പ്രഖ്യാപന ചടങ്ങിനെത്തിയ സാഹിത്യകാരി ബാനു മുഷ്താഖിന്റെ സിൽക്ക് സാരി ഉൾപ്പെട്ട ലഗേജ് കാണാതായി. ഇതു സംബന്ധിച്ച് അവർ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ പോസ്റ്റിട്ടിരുന്നു. അത്യാവശ്യ മരുന്നുകളും ചടങ്ങിൽ ധരിക്കേണ്ട സിൽക്ക് സാരിയുമടക്കമുള്ള ലഗേജാണ് കാണാതായത്.
കൂടെയുണ്ടായിരുന്ന പെൺമക്കൾ നടത്തിയ പരിശ്രമത്തിനൊടുവിൽ ലഗേജ് എവിടെയാണുള്ളതെന്ന് അറിയാൻ കഴിഞ്ഞതായും വൈകാതെ കൈയിൽകിട്ടുമെന്ന് അവർ അറിയിച്ചതായും ബാനു മുഷ്താഖിന്റെ ഭർത്താവ് മുഷ്താഖ് മുഹ്യുദ്ദീൻ ഹാസനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മക്കൾ ലണ്ടനിൽനിന്ന് സംഘടിപ്പിച്ചു നൽകിയ മറ്റൊരു സാരി ധരിച്ചാണ് ബാനു മുഷ്താഖ് ബുക്കർ സമ്മാനം സ്വീകരിക്കാൻ വേദിയിലെത്തിയത്.
കന്നട ഭാഷയെയും സംസ്കാരത്തെയും ബുക്കർ പുരസ്കാര നെറുകയിലെത്തിച്ച ബാനു മുഷ്താഖിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. കന്നടയിൽനിന്ന് ബുക്കർ പുരസ്കാര വേദിയിലെത്തുന്ന ആദ്യ സാഹിത്യകാരിയാണ് ഹാസൻ സ്വദേശിനിയായ ബാനു മുഷ്താഖ്.
ഇന്റർനാഷനൽ ബുക്കർ പ്രൈസ് നേട്ടം കന്നടക്കും കന്നടിഗർക്കും കർണാടകക്കും ആഘോഷനിമിഷമാണെന്നും കന്നടയുടെ അഭിമാന പതാക അന്താരാഷ്ട്രതലത്തിലേക്ക് അവർ ഉയർത്തിയതായും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിനന്ദനക്കുറിപ്പിൽ പറഞ്ഞു.
രാഷ്ട്രീയ- സാംസ്കാരിക നേതാക്കളും എഴുത്തുകാരും അഭിനന്ദനങ്ങൾ നേർന്നു. ബാനു മുഷ്താഖിന്റെ ഹാസനിലെ വീട്ടിലേക്ക് അഭിനന്ദനങ്ങളുമായി ജനനേതാക്കളും എഴുത്തുകാരുമെത്തി. ഭർത്താവ് മുഷ്താഖ് മുഹ്യുദ്ദീനും മകൻ താഹിർ മുഷ്താഖും കുടുംബവും മധുരം വിതരണം ചെയ്ത് ഏവരെയും സ്വീകരിച്ചു. ഇന്ത്യൻ സമയം ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു ലണ്ടനിൽ പുരസ്കാര പ്രഖ്യാപന ചടങ്ങ് നടന്നത്.
രാത്രി മുഴുവൻ തങ്ങൾ ഫലത്തിനായി കാത്തിരിക്കുകയായിരുന്നെന്നും പ്രഖ്യാപനം വന്നതോടെ ആഹ്ലാദ നെറുകയിലായെന്നും മുഷ്താഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

