ബലാത്സംഗക്കേസിൽ ബി.ജെ.പി എം.പിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പാർലമെന്റിന് മുമ്പിൽ വനിത ഖാപ് പഞ്ചായത്ത്; സുരക്ഷ ശക്തമാക്കി
text_fieldsന്യൂഡൽഹി: വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ബി.ജെ.പി എം.പിയും ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് പാർലമെന്റിന് മുമ്പിൽ വനിത ഖാപ് പഞ്ചായത്ത് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ഞായറാഴ്ചയാണ് ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി വനിത ഖാപ് പഞ്ചായത്ത് നടത്താൻ തീരുമാനിച്ചത്.
പാർലമെന്റ് ഉദ്ഘാടനത്തിൽ പ്രതിപക്ഷ ബഹിഷ്കരണവും കൂടി കണക്കിലെടുത്ത് ഡൽഹി പൊലീസിന്റെ ഉന്നതതല യോഗം വ്യാഴാഴ്ച ചേർന്നു. ഡൽഹിയിലേക്ക് പ്രവേശിക്കുന്ന അതിർത്തികളിലെ എല്ലാ റോഡുകളിലും പരിശോധന ശക്തമാക്കും.
പാർലമെന്റിന് സമീപത്തേക്ക് പരിശോധിച്ചു മാത്രം കടത്തിവിടാനുമാണ് തീരുമാനം. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യു.പി സംസ്ഥാനങ്ങളിലെ കർഷകരും ഖാപ് പഞ്ചായത്തുകളുമാണ് ഗുസ്തിതാരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചത്.