സിനിമ വരുന്നതുവരെ ഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന് മോദി; വിമർശനവുമായി കോൺഗ്രസ്
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ വിമർശനമുയരുന്നു. ‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്നാണ് മോദി അഭിമുഖത്തിനിടെ പറഞ്ഞത്. പ്രധാനമന്ത്രിയെ നിശിതമായി വിമർശിച്ച കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ്, അദ്ദേഹത്തിന് സ്വബോധം നഷ്ടപ്പെട്ടതായി തോന്നുന്നുവെന്നും പറഞ്ഞു.
“മഹാത്മ ഗാന്ധി ഒരു വലിയ വ്യക്തിത്വമായിരുന്നു. കഴിഞ്ഞ 75 വർഷത്തിനിടയിൽ ലോകം അദ്ദേഹത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കണം എന്നത് നമ്മുടെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ ആരും അദ്ദേഹത്തെ അറിഞ്ഞില്ല. ‘ഗാന്ധി’ സിനിമയുടെ റിലീസിന് ശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതലറിയാൻ ലോകം താൽപര്യം കാണിച്ചത്” -മോദി അഭിമുഖത്തിൽ പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളികൾ, തെരഞ്ഞെടുപ്പ് പ്രതീക്ഷകൾ, പ്രതിപക്ഷ നേതാക്കളുമായുള്ള ബന്ധം എന്നിവയും മോദി വിശദീകരിച്ചു.
അഭിമുഖത്തിൽ മോദിയെ തിരുത്താൻ തയാറാവാതിരുന്ന മാധ്യമപ്രവർത്തകരെയും ഷമ മുഹമ്മദ് വിമർശിച്ചു. “മോദിക്ക് സ്വബോധം നഷ്ടപ്പെട്ടിരിക്കുന്നു! മഹാത്മ ഗാന്ധി മരിച്ചപ്പോൾ ആൽബർട്ട് ഐൻസ്റ്റീൻ അദ്ദേഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. മാർട്ടിൻ ലൂഥർ കിങ് തന്റെ പ്രചോദനമാണ് ഗാന്ധിയെന്ന് പറഞ്ഞിട്ടുണ്ട്. ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്. അഭിമുഖത്തിൽ ഏറ്റവും സങ്കടം തോന്നിയത് അദ്ദേഹത്തെ തിരുത്താതെ മൂകമായിരുന്ന മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ്” -ഷമ എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

