ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് കെയർ സെന്‍റർ ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബജാജ് ഇന്ന് ഉദ്ഘാടനം ചെയ്തു. സർദാർ പട്ടേൽ കോവിഡ് കെയർ സെന്‍റർ എന്ന പേരിട്ടിരിക്കുന്ന ആശുപത്രിയിൽ 10,000 ബെഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ ചികിത്സിക്കാനായാണ് ചത്താർപുരിൽ കെയർ സെന്‍റർ ആരംഭിച്ചിരിക്കുന്നത്. ഹോം ഐസൊലേഷന് സൗകര്യമില്ലാത്തവരേയും ഇവിടെ പ്രവേശിപ്പിക്കും.
1700 അടി നീളവും 700 അടി വീതിയുമാണ് ഈ കെട്ടിടത്തിനുള്ളത്. ഇത് ഏകദേശം 20 ഫുട്ബോൾ ഗ്രൗണ്ടുകളുടെയത്രയും വലുപ്പമുണ്ടാകും. സൗത്ത് ഡൽഹി ജില്ലാ ഭരണകൂടത്തിന്‍റെ സഹായത്തോടെ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിനായിരിക്കും ആശുപത്രിയുടെ പ്രവർത്തന ചുമതല.