ആന്ധ്രയിൽ തൊഴിൽ സമയം പത്തുമണിക്കൂറാക്കി
text_fieldsഅമരാവതി: തൊഴിൽ സമയത്തിൽ മാറ്റം വരുത്തി ആന്ധ്രപ്രദേശ് സർക്കാർ. സ്വകാര്യ സ്ഥാപനങ്ങളിലും ഫാക്ടറികളിലും നിർബന്ധിത ജോലി സമയം ഒമ്പതിൽനിന്ന് പത്ത് മണിക്കൂറായി ഉയർത്തി. കൂടുതൽ നിക്ഷേപങ്ങളെയും വ്യവസായങ്ങളെയും ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.
ഈ നീക്കം തൊഴിലാളികളെ അടിമകളാക്കി മാറ്റാനുള്ള ശ്രമമാണെന്ന് തൊഴിലാളി സംഘടനകൾ പറഞ്ഞു. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതികൾക്ക് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
സെക്ഷൻ 55 പ്രകാരം അഞ്ച് മണിക്കൂർ ജോലിക്ക് ഒരു മണിക്കൂർ വിശ്രമം ഉണ്ടായിരുന്നു, അത് ഇപ്പോൾ ആറ് മണിക്കൂറാക്കി മാറ്റി. നേരത്തേ ഓവർടൈം 75 മണിക്കൂർവരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഇപ്പോൾ 144 മണിക്കൂറായി വർധിപ്പിച്ചു. ഇനി 144 മണിക്കൂർ ജോലി ചെയ്താൽ മാത്രമേ തൊഴിലാളികൾക്ക് അധിക വേതനം ലഭിക്കൂ. രാത്രി ഷിഫ്റ്റ് നിയമങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. സ്ത്രീകളെ ഈ ഷിഫ്റ്റിലേക്ക് കൊണ്ടുവരാനാണ് ഈ നീക്കം. മുമ്പ് സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ അനുവാദമില്ലായിരുന്നു.
ബിസിനസ് ചെയ്യുന്നത് എളുപ്പമുള്ളതാക്കാനുള്ള നയത്തിന്റെ ഭാഗമായാണ് തൊഴിൽ നിയമ വകുപ്പുകൾ ഭേദഗതി ചെയ്തത്. നിയമങ്ങളിലെ ഇളവുകൾ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ സാധിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മന്ത്രി കെ. പാർഥസാരഥി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

