‘ബി.ജെ.പിക്ക് അടിമപ്പണിയെടുക്കുന്നു’; മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെ വിമർശിച്ച് കോൺഗ്രസ്
text_fieldsഗ്യാനേഷ് കുമാർ, പവൻ ഖേര
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ 240 സീറ്റ് മാത്രം കിട്ടിയ ബി.ജെ.പിക്ക് അടിമപ്പണി ചെയ്യുന്നതെന്തിനാണെന്ന് കോൺഗ്രസ്. ബി.ജെ.പിയുടെ അടിമപ്പണി നിർത്തി ഗ്യാനേഷ് കുമാർ ഭരണഘടനക്കും ജനാധിപത്യത്തിനും വേണ്ടി ജോലി ചെയ്യണമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അസമയത്ത് തിരക്കിട്ട് തീവ്ര വോട്ടർപട്ടിക പരിശോധന നടത്തി ബിഹാറിലെ വോട്ടർമാരെ കൂട്ടത്തോടെ പുറത്താക്കുന്ന കമീഷൻ നടപടി ചോദ്യം ചെയ്താണ് കോൺഗ്രസ് ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ചത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ടുണ്ടാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്ത് ഇരിക്കുന്നതിനുപകരം ഗ്യാനേഷ് കുമാറിന് ബി.ജെ.പിയുടെ കേന്ദ്ര ആസ്ഥാനത്ത് ഒരു നില വാങ്ങി അവിടെയിരുന്നുകൂടെ എന്ന് പവൻ ഖേര ചോദിച്ചു. മുഖ്യ കമീഷണർ ശഹൻഷമാർക്ക് അടിമപ്പണി ചെയ്യേണ്ട. ഇത്തരത്തിൽ പ്രവർത്തിച്ചാൽ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനം.
കോൺഗ്രസിന് ബി.ജെ.പിയുടെ ദല്ലാളിനെ കാണേണ്ട കാര്യമില്ല. ദല്ലാളിനെ കാണുന്നതിനുപകരം ബി.ജെ.പിയുമായി ചർച്ച നടത്തിയാൽ മതി. എല്ലാവരെയും വിശ്വാസത്തിലെടുത്ത് ജോലി ചെയ്യണമെന്ന് ഗ്യാനേഷ് കുമാറിനെ പവൻ ഖേര ഓർമിപ്പിച്ചു.
ഭരണഘടനാപരമായ പരിധി ലംഘിച്ചാൽ രാജ്യം അത് കാണും. ഓരോരുത്തരെയും രാജ്യം ഇരുത്തേണ്ടിടത്ത് ഇരുത്തും. ഭരണം വരും പോകും. 300 സീറ്റുകളുള്ള കാലത്ത് കോൺഗ്രസ് ബി.ജെ.പിയെ പേടിച്ചിട്ടില്ല. പിന്നെ എന്തിനാണ് ഗ്യാനേഷ് കുമാർ 240 സീറ്റ് മാത്രമുള്ള ബി.ജെ.പിക്ക് അടിമപ്പണി ചെയ്യുന്നത്? അങ്ങേയറ്റം വേദനയോടെയും ദുഃഖത്തോടെയുമാണിത് പറയുന്നത്. ഒരു പാർട്ടിക്കുവേണ്ടി കൂടിക്കാഴ്ചക്ക് സമയം ചോദിക്കുമ്പോൾ അയാൾ അനധികൃതനാണെന്ന് പറയാൻ കമീഷണർ ആരാണെന്ന്, ചില കോൺഗ്രസ് നേതാക്കളെ കൂടിക്കാഴ്ചക്ക് അനുവദിക്കാതെ തിരിച്ചയച്ചത് ചൂണ്ടിക്കാട്ടി പവൻ ഖേര ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

