‘മറാത്തിയുടെ പേരിൽ തെമ്മാടിത്തം കാണിക്കാൻ അനുവദിക്കില്ല’; എം.എൻ.എസ് പ്രവർത്തകർ കടയുടമയെ മർദിച്ചതിൽ വിമർശനവുമായി ഫഡ്നാവിസ്
text_fieldsമുംബൈ: മറാത്തി സംസാരിക്കാൻ വിസമ്മതിച്ച കടയുടമയെ മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) പ്രവർത്തകർ മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്ത്. മറാത്തിയെ ബഹുമാനിക്കുന്നുണ്ടെങ്കിലും അതിന്‍റെ പേരിൽ ആരെയെങ്കിലും മർദിക്കുന്നത് അംഗീകരിക്കാനാകില്ല. മറാത്തിയുടെ പേരിലുള്ള തെമ്മാടിത്തം അനുവദിക്കാനാകില്ല. മിരാറോഡ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഭാഷയുടെ പേരിൽ തെമ്മാടിത്തം കാണിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഫഡ്നാവിസ് വ്യക്തമാക്കി.
സംഭവത്തിൽ എം.എൻ.എസിനെയും മുഖ്യമന്ത്രി കടന്നാക്രമിച്ചു. എം.എൻ.എസ് പ്രവർത്തകരുടെ വിചാരം അവർ മാത്രമാണ് മറാത്തികളെന്നാണ്. എന്നാലത് ശരിയല്ല. ഞങ്ങളും മറാത്തികളാണ്. മറാത്തി ജനത ഞങ്ങൾക്കൊപ്പം നിൽക്കുകയും പിന്തുണക്കുകയും ചെയ്യും. മറാത്തികൾ സംസ്ഥാനത്തിനു പുറത്തും ജോലി ചെയ്യുകയും കച്ചവടം നടത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം തെമ്മാടിത്തം അനുവദിച്ചാൽ നാളെ അവർക്കും സമാനമായ അനുഭവമുണ്ടാകില്ലേ? മറാത്തിയിൽ അഭിമാനിക്കുന്നവർ അത് പഠിക്കുകയും പഠിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുംബൈ മിരാറോഡിൽ ‘ജോധ്പുർ സ്വീറ്റ് ഷോപ്’ എന്ന കട നടത്തുന്ന 48കാരനായ ബാബുലാൽ ചൗധരിയെ ഞായറാഴ്ചയാണ് രാജ് താക്കറെയുടെ എം.എൻ.എസ് പ്രവർത്തകരായ ഏഴംഗ സംഘം മർദിച്ചത്. മറാത്തി സംസാരിക്കാൻ തയാറല്ലെങ്കിൽ കച്ചവടം നടത്താൻ അനുവദിക്കില്ലെന്ന് എം.എൻ.എസ് പ്രവർത്തകർ ബാബുലാൽ ചൗധരിയെ ഭീഷണിപ്പെടുത്തി. എന്നാൽ സംസ്ഥാനത്ത് മറ്റുപല ഭാഷകളും സംസാരിക്കുന്നവരുണ്ടെന്ന് പറഞ്ഞതോടെ മർദനത്തിലേക്ക് തിരിയുകയായിരുന്നു. കടയുടമ മറാത്തി ഭാഷയെ അവഹേളിച്ചതിനാണ് മർദിച്ചതെന്ന് എം.എൻ.എസ് പ്രവർത്തകർ ന്യായീകരിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ത്രിഭാഷാ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പിൻവലിച്ചതിനു പിന്നാലെയായിരുന്നു കടയുടമയെ ആക്രമിച്ചത്. സർക്കാർ നീക്കം ഹിന്ദി അടിച്ചേൽപ്പിക്കാനാണെന്ന വിമർശനം ശക്തമായതിനു പിന്നാലെയാണ് പദ്ധതി ഉപേക്ഷിച്ചത്. എം.എൻ.എസിനു പുറമെ ഉദ്ധവ് വിഭാഗം ശിവസേനയും പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

