തല പോയാലും വിമതരെ പോലെ ഗുവാഹതി പാത തെരഞ്ഞെടുക്കില്ല -സഞ്ജയ് റാവുത്
text_fieldsമുംബൈ: മുംബൈ ചാൾ പുനർ നിർമാണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) സമൻസ് നൽകിയത് തനിക്കെതിരായ ഗൂഢാലോചനയാണെന്ന് ശിവസേന എം.പി സഞ്ജയ് റാവുത്. മരിക്കേണ്ടി വന്നാൽ പോലും വിമത എം.എൽ.എമാരുടെ പാത പിന്തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ.ഡി നിർദേശം. ഇ.ഡി അറസ്റ്റിനെ ഭയക്കുന്നില്ലെന്നും റാവുത് പറഞ്ഞു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുകയാണ്. സർക്കാർ രൂപവത്കരണം സംബന്ധിച്ച് മൂന്നോ, നാലോ ദിവസങ്ങൾക്കുള്ളിൽ തീരുമാനമെടുത്ത് മഹാരാഷ്ട്രയിൽ തിരിച്ചെത്തുമെന്ന് ഗുവാഹതിയിലെ ഹോട്ടലിൽ കഴിയുന്ന വിമത എം.എൽ.എ ദീപക് കേശർകർ പറഞ്ഞു. ഒന്നു രണ്ടു എം.എൽ.എമാർ കൂടി ഞങ്ങൾക്കൊപ്പം കൂടാൻ തയാറായി നിൽക്കുന്നുണ്ട്. അവരുടെയും സ്വതന്ത്രരുടെയും പിന്തുണ കൂടിയാകുമ്പോൾ അംഗബലം 51 ആകും -ദീപക് കേശർകർ അവകാശപ്പെട്ടു.
ശിവസേനക്ക് 55 എം.എൽ.എമാരാണുള്ളത്. അതിൽ 40 ലേറെ പേരും വിമത ക്യാമ്പിലാണ്. മന്ത്രിയായ ഉദയ് സാവന്ത് കഴിഞ്ഞ ദിവസം വിമതർക്കൊപ്പം ചേർന്നിരുന്നു. വിമര ക്യാമ്പിലെത്തിയ എട്ടാമത്തെ മന്ത്രിയാണിദ്ദേഹം. ബി.ജെ.പിയുമായി സഖ്യം ചേരണമെന്ന മന്ത്രിയും ശിവസേന നേതാവുമായ ഏക് നാഥ് ഷിൻഡെയുടെ നയത്തിൽ എതിർപ്പുള്ള 20 വിമതർ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.