ഓർഡിനൻസിൽ നിലപാട് വ്യക്തമാക്കണം; അല്ലെങ്കിൽ അടുത്ത പ്രതിപക്ഷ പാർട്ടി യോഗത്തിനില്ല -കോൺഗ്രസിന് അന്ത്യശാസനവുമായി എ.എ.പി
text_fieldsന്യൂഡൽഹി: ഡൽഹി അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ വരുതിയിലാക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ ഓർഡിനൻസിൽ കോൺഗ്രസ് എതിർപ്പു പ്രകടിപ്പിക്കാത്തിടത്തോളം കാലം പ്രതിപക്ഷ പാർട്ടികളുമായി സഹകരിക്കാനില്ലെന്ന് വ്യക്തമാക്കി എ.എ.പി. ഡൽഹിയിലെ ജനങ്ങൾക്കൊപ്പമാണോ അല്ലെങ്കിൽ മോദി സർക്കാരിനൊപ്പമാണോ എന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും എ.എ.പി ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിൽ ഒരു തരത്തിലുള്ള പ്രതിപക്ഷ സംഗമങ്ങളിലും ഭാഗവാക്കാകാൻ സാധിക്കില്ല. ഒരുവിധം കാര്യങ്ങളിലെല്ലാം കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിവാദ ഓർഡിനൻസിന്റെ കാര്യത്തിൽ ഒന്നും മിണ്ടുന്നില്ല. ഈ വിഷയത്തിൽ മോദി സർക്കാരിനൊപ്പമാണെന്ന് കോൺഗ്രസിന്റെ ഡൽഹി, പഞ്ചാബ് ഘടകങ്ങൾ പ്രഖ്യാപിച്ചിരുന്നു. േപ്രതിപക്ഷ പാർട്ടികളുടെ സംഗമത്തിനിടെ പല പാർട്ടികളും ഓർഡിനൻസിനെ തള്ളണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് നിരസിക്കുകയാണുണ്ടായതെന്നും എ.എ.പി കുറ്റപ്പെടുത്തി.
ബിഹാറിലെ പട്നയിൽ നടന്ന യോഗത്തിനിടെ ഈ വിഷയത്തിൽ എ.എ.പിയും കോൺഗ്രസും തമ്മിൽ ചൂടേറിയ വാഗ്വാദങ്ങൾ നടന്നിരുന്നു. ഓർഡിനൻസ് വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ആണ് കോൺഗ്രസിനോട് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടത്. ബി.ജെ.പിയുമായുള്ള ധാരണക്ക് പുറത്താണ് കോൺഗ്രസ് ഇതിൽ ഉരുണ്ടുകളിക്കുന്നതെന്ന എ.എ.പി വക്താവിന്റെ ആരോപണം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കെജ്‍രിവാളിന്റെ ശ്രദ്ധയിൽ പെടുത്തി. അത്തരമൊരു തർക്കവിഷയം പ്രതിപാദിക്കാനുള്ള വേദി ഇതല്ലെന്നും പാർലമെൻറിലാണ് അത് തീരുമാനിക്കേണ്ടതെന്നും കോൺഗ്രസ് എ.എ.പിയെ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

