‘സ്വന്തം കുഞ്ഞിനെ അമ്മമാർ തല്ലില്ല’; ഏഴുവയസുകാരനെ ഉപദ്രവിച്ചെന്ന കേസിൽ യുവതിക്ക് ജാമ്യം നൽകി ബോംബെ ഹൈകോടതി
text_fieldsബോബെ ഹൈകോടതി
മുംബൈ: സ്വന്തം കുഞ്ഞിനെ അമ്മമാർ ഉപദ്രവിക്കുമെന്ന് കരുതുന്നില്ലെന്ന് ബോംബെ ഹൈകോടതി. ഏഴുവയസുകാരനെ ഉപദ്രവിച്ചെന്ന കേസിൽ 28കാരിയായ യുവതിക്കും പങ്കാളിക്കും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർദേശം. പരാതിക്കാരനായ പിതാവും കുറ്റാരോപിതയായ മാതാവും തമ്മിലുള്ള തർക്കങ്ങൾക്കിടയിൽ കുട്ടിയെ ബലിയാടാക്കുകയാണെന്നും ജസ്റ്റിസ് മിലിന്ദ് അധ്യക്ഷനായ സിംഗ്ൾ ബെഞ്ച് നിരീക്ഷിച്ചു.
കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ആരോപിച്ച്, പിതാവാണ് മാതാവിനെതിരെ പരാതി നൽകിയത്. യുവതിയുടെ പുതിയ പങ്കാളി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരൻ ഭാര്യയിൽനിന്ന് 2019 മുതൽ അകന്നുകഴിയുകയാണ്. അന്നു മുതൽ രത്നഗിരിയിലെ പിതാവിന്‍റെ വീട്ടിൽ കഴിഞ്ഞുവരികയായിരുന്ന കുട്ടിയെ, 2023ൽ നിർബന്ധപൂർവം മാതാവ് മുംബൈയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ആരോപണം.
പരാതിയുടെ അടിസ്ഥാനത്തിൽ 2023 ഒക്ടോബറിൽ അറസ്റ്റിലായായ യുവതി കസ്റ്റഡിയിൽ തുടരുകയാണ്. പ്രഥമദൃഷ്ട്യാ ആരോപണങ്ങൾ അവിശ്വസനീയമെന്നാണ് കോടതി വിലയിരുത്തിയത്. സ്വന്തം കുഞ്ഞിനെ ഉപദ്രവിക്കാൻ ഏതെങ്കിലും അമ്മ ചിന്തിക്കുമെന്ന് കരുതുന്നില്ലെന്നാണ് കോടതി പറഞ്ഞത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് യുവതിയോട് കാരണം കൃത്യമായി ബോധിപ്പിച്ചില്ലെന്നും കോടതി വിമർശിച്ചു.
അതേസമയം വൈദ്യപരിശോധനയിൽ കുട്ടിക്ക് പോഷകാഹാരക്കുറവും വിളർച്ചയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കുട്ടിക്ക് മതിയായ പരിപാലനമോ സംരക്ഷണമോ നൽകിയില്ലെന്നും കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

