'മോദി ജി, നിങ്ങൾ എന്റെ ജീവിതം നരകതുല്യമാക്കി, ഇനി ഞാൻ പിന്മാറില്ല': ജന്തർമന്തർ പരാമർശത്തിൽ വേട്ടയാടപ്പെട്ട പെൺകുട്ടിയുടെ വീഡിയോ വൈറലാവുന്നു, വിവാദവും
text_fieldsന്യൂഡൽഹി: ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്കെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തെത്തുടർന്ന് വേട്ടയാടപ്പെട്ട കൗമാരക്കാരി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുന്നു. പ്രധാനമന്ത്രി തന്റെ "ജീവിതം നരകതുല്യമാക്കിയെന്ന്" ആരോപിക്കുന്ന വീഡിയോയിൽ താൻ പിന്മാറില്ലെന്നും അവൾ വ്യക്തമാക്കുന്നുണ്ട്.
"മോദിജി, നിങ്ങൾ എന്റെ ജീവിതം നരകതുല്യമാക്കി. നിങ്ങൾ 15 വയസ്സുള്ള ഒരു പെൺകുട്ടിയെ വേട്ടയാടുകയും അവൾക്ക് എല്ലായിടത്തുനിന്നും ദുരിതം വരുത്തിവെക്കുകയും ചെയ്തു. എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന് ഞാൻ നിങ്ങളോട് പറയുന്നു. എനിക്കുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. എനിക്ക് എവിടേക്കും പോകാൻ കഴിയുന്നില്ല. എനിക്ക് സ്വാതന്ത്ര്യമില്ല, എവിടെയും താമസിക്കാനും കഴിയുന്നില്ല. എനിക്ക് എല്ലായിടത്തും മുഖം മറക്കേണ്ടി വരുന്നു.... ഇനി ഞാൻ പിന്മാറില്ല," പെൺകുട്ടി വീഡിയോയിൽ പറയുന്നു.
വീഡിയോ എ.ഐ നിർമ്മിതമല്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ അനിൽ സിങ് പറഞ്ഞതായി 'ദി ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്തു. എങ്കിലും, ദൃശ്യങ്ങളിൽ കാണുന്നത് പെൺകുട്ടി തന്നെയാണെന്ന് സ്ഥിരീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത് പെൺകുട്ടി തന്നെയാണെന്നും ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ പോസ്റ്റ് കോൺഗ്രസും ആം ആദ്മി പാർട്ടിയും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിവാദത്തിന് ചൂടുപിടിച്ചു.
മുൻപ് പെൺകുട്ടിയുടെ ജന്തർമന്തർ വീഡിയോ വൈറലാവുകയും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഭീഷണിയെത്തുടർന്ന് നോയിഡയിലെ വീടുവിട്ട കുടുംബം, നിലവിൽ ഹരിയാനയിലാണെന്നാണ് വിവരം. ഈ വിഷയത്തിൽ പെൺകുട്ടി നേരത്തെ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ പുതിയ വീഡിയോ പങ്കുവെച്ച് പെൺകുട്ടി "വേട്ടയാടപ്പെടുകയും ഭീഷണിപ്പെടുത്തപ്പെടുകയും മാപ്പ് പറയാൻ നിർബന്ധിതയാവുകയും ചെയ്തു"- എന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മാപ്പ് പറയിപ്പിച്ചതാണെന്ന് കോൺഗ്രസും ആരോപിച്ചു.
ജൂലൈ 23-ന് ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പെൺകുട്ടി പ്രധാനമന്ത്രിയെ നിന്ദ്യമായ ഭാഷയിൽ ആക്ഷേപിച്ചെന്നാണ് ആരോപണം. സുപ്രീം കോടതി അഭിഭാഷക സ്മൃതി സിങ് ചന്ദേലിന്റെ പരാതിയെത്തുടർന്ന് ജൂലൈ 29-ന് നോയിഡയിലെ എക്സ്പ്രസ്‌വേ പൊലീസ് സ്റ്റേഷനിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കേസ് പിന്നീട് അന്വേഷണത്തിനായി ഡൽഹിയിലേക്ക് മാറ്റി.
പിന്നാലെ പെൺകുട്ടി കൈകൂപ്പി മാപ്പ് ചോദിക്കുന്നതായുള്ള മറ്റൊരു വീഡിയോയും വൈറലായിരുന്നു. വീഡിയോയിൽ തന്റെ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച അവൾ മാപ്പ് അപേക്ഷിച്ചിരുന്നു. വിവാദത്തിൽപ്പെട്ട ചെറുപ്പക്കാരെ ശിക്ഷാനടപടികൾക്ക് വിധേയരാക്കുന്നതിന് പകരം മാപ്പ് നൽകണമെന്നും അവർക്ക് മറ്റൊരു അവസരം നൽകാൻ സമൂഹം തയ്യാറാകണമെന്നും പിന്നീട് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടിയെ തേടി പൊലീസുകാരും ടെലിവിഷൻ റിപ്പോർട്ടർമാരും അപരിചിതരായ ആളുകളും നോയിഡയിലെ വാടക ഫ്ലാറ്റിലേക്ക് വീണ്ടും വീണ്ടും എത്തിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

