വിരമിച്ചതിന് ശേഷം ഒരു പദവിയും ഏറ്റെടുക്കില്ലെന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന
text_fieldsന്യൂഡൽഹി: വിരമിച്ചതിന് ശേഷം ഒരു പദവിയും ഏറ്റെടുക്കില്ലെന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. എന്നാൽ, നിയമമേഖലയിലുള്ള തന്റെ ഇന്നിങ്സ് തുടരുമെന്ന് സഞ്ജീവ് ഖന്ന പറഞ്ഞു.
മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് സഞ്ജീവ് ഖന്നയുടെ പരാമർശം. മൂന്നാം ഇന്നിങ്സും നിയമമേഖലയുമായി ബന്ധപ്പെട്ടായിരിക്കുമെന്നും സഞ്ജീവ് ഖന്ന പറഞ്ഞു. ഹൈകോടതി ജഡ്ജിയുടെ വീട്ടിൽ നിന്ന് പണംപിടിച്ച സംഭവത്തിലും ചീഫ് ജസ്റ്റിസ് പ്രതികരണം നടത്തി. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ജുഡീഷ്യൽ ചിന്ത നിർണായകവും വിധി ന്യായവുമായിരിക്കണമെന്നായിരുന്നു സഞ്ജീവ് ഖന്നയുടെ മറുപടി.
നീതിന്യായ വ്യവസ്ഥയിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം ഒരിക്കലും ഉണ്ടാക്കിയെടുക്കാൻ കഴിയില്ലെന്നും അത് നേടിയെടുക്കണമെന്നും സഞ്ജീവ് ഖന്ന പറഞ്ഞു. നേരത്തെ നിയുക്ത ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയും വിരമിക്കലിന് ശേഷം പുതിയ പോസ്റ്റുകൾ ഏറ്റെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
2024 നവംബർ 10നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റടുത്തത്. സുപ്രീം കോടതിയുടെ 51ാമത് ചീഫ് ജസ്റ്റിസായിരുന്നു. പല നിർണായക വിധികളും സഞ്ജീവ് ഖന്ന പുറപ്പെടുവിച്ചിരുന്നു.
ആരാധനാലയ നിയമത്തിലും വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജികളിലും സഞ്ജീവ് ഖന്ന സ്വീകരിച്ച വിധി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആറുമാസം ചീഫ് ജസ്റ്റിസ് പദവി പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് വസതിയിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെടുത്ത സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത് സഞജീവ് ഖന്നയായിരുന്നു.
ചീഫ് ജസ്റ്റിസ് ആകുന്നതിനു മുമ്പ് ആം ആദ്മി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചായിരുന്നു. ജമ്മു-കശ്മീർ പ്രത്യേക പദവി കേന്ദ്ര സര്ക്കാര് റദ്ദാക്കിയ നടപടി ശരിവെച്ച ഭരണഘടന ബെഞ്ചിൽ അംഗമായിരുന്നു. ഇലക്ടറല് ബോണ്ട് കേസ് പരിഗണിച്ച ബെഞ്ചിലും 100 ശതമാനം വി.വി.പാറ്റ് എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയ ബെഞ്ചിലും അംഗമായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

