‘ബിഹാർ ജയിച്ചു, അടുത്ത ലക്ഷ്യം ബംഗാൾ’; എൻ.ഡി.എ ലീഡിനു പിന്നാലെ ഗിരിരാജ് സിങ്
text_fieldsഗിരിരാജ് സിങ്
പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ വമ്പൻ ലീഡിനു പിന്നാലെ, ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയുടെ അടുത്ത ലക്ഷ്യം പശ്ചിമ ബംഗാളാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. “അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സർക്കാർ വേണ്ടെന്ന് ബിഹാറിലെ ജനം തീരുമാനിച്ചിരിക്കുന്നു. ബിഹാറിലെ യുവജനം പ്രബുദ്ധരാണ്. വികസനത്തിന്‍റെ വിജയമാണിത്. നമ്മൾ ബിഹാർ ജയിച്ചു, ഇനി ബംഗാളിന്‍റെ സമയമാണ്” -മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആദ്യ ദിവസം മുതൽ കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ മുന്നണിയെ വേണ്ടെന്ന് ബിഹാർ ജനത വ്യക്തമാക്കിയിരുന്നുവെന്ന് ഗിരിരാജ് സിങ് കൂട്ടിച്ചേർത്തു. സമാധാനവും, നീതിയും വികസനവുമാണ് ജനത്തിന് വേണ്ടത്. മുൻതലമുറ അനുഭവിച്ചിരുന്ന യാതൊരു പ്രയാസവും ഇന്നത്തെ യുവാക്കൾക്ക് അനുഭവിക്കേണ്ടി വരുന്നില്ല. തേജസ്വി യാദവ് അധികാരത്തിലിരുന്ന കുറച്ചു നാളുകൾ പോലും ജനദ്രോഹപരമായ നിലപാടുകളാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
അതേസമയം വോട്ടെണ്ണൽ പുരോഗമിക്കുന്ന ബിഹാറിൽ 155 സീറ്റുകളിൽ എൻ.ഡി.എ മുന്നേറുകയാണ്. 75 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടി നാല് സീറ്റുകളിലും മുന്നേറുന്നുണ്ട്. നിതീഷ് കുമാറിന്‍റെ ജെ.ഡി.യുവാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി സംസ്ഥാനത്തെ 38 ജില്ലകളിലായി 46 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെണ്ണലിൽ കൃത്രിമം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പാർട്ടികൾ എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്.
എക്സിറ്റ് പോൾ പ്രവചനങ്ങളിലും മുൻതൂക്കംഎൻ.ഡി.എക്കായിരുന്നു. 43 അംഗ നിയമസഭയിലേക്ക് നവംബർ ആറിനും 11നും രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 67.13 ശതമാനമെന്ന റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. വോട്ടെണ്ണൽ വേളയിൽ നിയമവിരുദ്ധ നടപടിയുണ്ടായാൽ നേരിടാൻ തയാറാകണമെന്ന് പാർട്ടി അണികളോട് ആർ.ജെ.ഡി നേതാവും ഇൻഡ്യ സഖ്യത്തിെന്റ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ് ആഹ്വാനം ചെയ്തു.
തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പ്രഖ്യാപിച്ച ജനപ്രിയ പദ്ധതികൾ വോട്ടാകുമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതീക്ഷ തെറ്റിയില്ലെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. തുടർച്ചയായി അധികാരത്തിൽ തുടരുന്ന നിതീഷ് കുമാറിനെതിരായ ജനവിരുദ്ധവികാരം വോട്ടാകുമെന്ന ഇൻഡ്യ സഖ്യത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായി. അന്തിമ ചിത്രം വൈകാതെ വ്യക്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

