ബംഗാളിൽ എൻ.ആർ.സി നടപ്പാക്കാൻ സമ്മർദം ചെലുത്തില്ല; നിലപാട് മാറ്റി ബി.ജെ.പി അധ്യക്ഷൻ
text_fieldsകൊൽക്കത്ത: ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) പശ്ചിമ ബംഗാളിൽ നടപ്പാക്കാൻ സമ്മർദം ചെലുത്തില്ലെന്ന സൂചന നൽകി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. 'എൻ.ആർ.സി ഭാവിയിലെ കാര്യ'മാണെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. രാജ്യവ്യാപകമായി എൻ.ആർ.സി നടപ്പാക്കുമെന്ന മുൻ നിലപാടിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാറ്റംവരുത്തിയതിന് പിന്നാലെയാണ് ബംഗാൾ ബി.ജെ.പി അധ്യക്ഷനും നിലപാട് മാറ്റിയത്.
എൻ.ആർ.സി എപ്പോൾ നടപ്പാക്കുമെന്നതും നടപ്പായാൽ എന്ത് സംഭവിക്കുമെന്നതും ഭാവിയിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ് -ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ദിലീപ് ഘോഷ് മറുപടി നൽകി. ബംഗാളിൽ പൗരത്വ പട്ടിക നടപ്പാക്കൽ അനിവാര്യമാണെന്നായിരുന്നു ഘോഷിന്‍റെ മുൻ നിലപാട്.
അസമിൽ എൻ.ആർ.സി നടപ്പാക്കിയത് സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ്. എൻ.ആർ.സി നടപ്പാക്കുമെന്ന ധാരണയിലെത്തിയത് രാജീവ് ഗാന്ധിയാണ്. ബി.ജെ.പിയല്ല അത്തരമൊരു കരാറിലെത്തിയത്. കോടതി ഉത്തരവ് പ്രകാരമാണ് നടപ്പാക്കിയതെന്ന കാര്യം വ്യക്തമാണെന്നും ഘോഷ് പറഞ്ഞു.
രാജ്യവ്യാപകമായി എൻ.ആർ.സി നടപ്പാക്കുക ആവശ്യമായി വന്നാൽ കേന്ദ്ര സർക്കാർ അതിനെ കുറിച്ച് ആലോചിക്കും. അതേസമയം, പൗരത്വ ഭേദഗതി നിയമം (സി.എ.എ) പാർലമെന്‍റ് അംഗീകരിച്ചുകഴിഞ്ഞതാണെന്നും ഇത് ബംഗാളിലും നടപ്പാക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.
പൗരത്വ പട്ടികയെ രാജീവ് ഗാന്ധിയുമായി ബന്ധിപ്പിക്കുക വഴി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
പശ്ചിമ ബംഗാൾ ബി.ജെ.പി ഉപാധ്യക്ഷൻ ചന്ദ്ര കുമാർ ബോസ് കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്ത് വന്നിരുന്നു. സി.എ.എക്ക് ഏതെങ്കിലും മതവുമായി ബന്ധമില്ലെങ്കിൽ പിന്നെ എന്തിനാണ് ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി, ജൈന മതങ്ങളെ മാത്രം ഉൾപ്പെടുത്തുന്നത്. എന്തുകൊണ്ടാണ് മുസ്ലിംകളെ ഉൾപ്പെടുത്താത്തത്? നമുക്ക് സുതാര്യമായിരിക്കാം- ബോസ് ട്വീറ്റ് ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചിട്ടില്ലെന്ന് ഹേമന്ത് പാട്ടീൽ
ഔറംഗാബാദ്: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് താൻ എഴുതിയതെന്ന രീതിയിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ശിവസേന എം.പി ഹേമന്ത് പാട്ടീൽ. മഹാരാഷ്ട്രയിലെ ഹിങ്കോളി ജില്ല കലക്ടർക്ക് നിയമത്തെ അനുകൂലിച്ച് പാട്ടീൽ കത്ത് നൽകിയിരുന്നുവെന്നും ഇതേത്തുടർന്ന് ഇദ്ദേഹത്തെ ശിവസേന നേതൃത്വം വിമർശിച്ചതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ട്രെയിൻ റിസർവേഷന് നൽകിയ കത്ത് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് പാട്ടീൽ വ്യക്തമാക്കി. ഈ കത്താണ് വാട്സ്ആപ്പിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചത്. വ്യാജ കത്തുമായി ബന്ധപ്പെട്ട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എം.പി പൊലീസിന് പരാതി നൽകി.
പൗരത്വ ഭേദഗതി നിയമത്തെയും പൗരത്വ രജിസ്റ്ററിനെയും പിന്തുണക്കുന്നുവെന്നും എന്നാൽ, ഇതിന് അനുകൂലമായി തെൻറ മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന റാലിയിൽ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്നും വ്യക്തമാക്കി ഹിങ്കോളി കലക്ടറുടെ ഓഫിസിലാണ് പാട്ടീൽ എഴുതിയതെന്ന രീതിയിൽ കത്ത് ലഭിച്ചത്. പൗരത്വനിയമത്തെ അനുകൂലിച്ച് ചൊവ്വാഴ്ച ഹിങ്കോളി ജില്ലയിൽ സംഘടിപ്പിച്ച റാലിയിൽ ശിവസേന എം.എൽ.എ സന്തോഷ് ബങ്കർ പങ്കെടുത്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ ലോക്സഭയിൽ അനൂകൂലിച്ച ശിവസേന രാജ്യസഭയിൽ വോട്ടെടുപ്പിനിടെ ഇറങ്ങിപ്പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
