എന്തൊക്കെ തടസം ഉണ്ടായാലും വനിതാ സംവരണം ഉറപ്പായും നടപ്പാക്കും: നരേന്ദ്ര മോദി
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യുഡൽഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതാ സംവരണം ഉറപ്പായും നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എതിർക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഇതിന്റെ നടപ്പാക്കൽ തടയാനാവില്ലെന്നും മോദി ശനിയാഴ്ച പറഞ്ഞു. 'എക്‌സി'ൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ, രാജ്യത്തെ 'നാരീശക്തി'ക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി വ്യക്തമാക്കി.
'നാരീശക്തിയെ ശാക്തീകരിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിൽ മാറ്റമില്ല. വനിതാ സംവരണത്തിന് മുന്നിലുള്ള എല്ലാ തടസ്സങ്ങളും നീക്കി അത് നടപ്പാക്കുമെന്ന് രാജ്യത്തെ ഓരോ സ്ത്രീക്കും ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു,' പ്രധാനമന്ത്രി പറഞ്ഞു. വനിതാ സംവരണ ബില്ലിനെ പിന്തുണക്കുന്നവരുടെ ആവേശം ഉയർന്ന നിലയിലാണെന്നും 'ഞങ്ങളുടെ ധൈര്യം തകർക്കാനാവാത്തതാണ്, തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നും' പ്രധാനമന്ത്രി പറഞ്ഞു.
'വനിതാ സംവരണത്തെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും രാജ്യത്തെ 'നാരീശക്തി'യുടെ പങ്കാളിത്തം വർധിക്കുന്നത് തടയാനാവില്ല. അത് സംഭവിക്കാൻ ഇനി സമയത്തിന്റെ കാര്യം മാത്രമേയുള്ളൂ,' അദ്ദേഹം പറഞ്ഞു.

