Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രത്തിന്...

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

text_fields
bookmark_border
കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു
cancel

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന് തിരിച്ചടിയായി വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. 278 പേർ ബില്ലിനെ അനുകൂലിച്ചും 211 പേർ ബില്ലിനെ എതിർത്തു വോട്ട് ചെയ്തു. മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടാത്തതിനാൽ ബിൽ ലോക്സഭയിൽ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടെ നടന്ന വോട്ടെടുപ്പിലേറ്റ പ്രഹരം സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി.

പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ ബിൽ പരാജയപ്പെടുമെന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു. എന്നാൽ, ബിൽ പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ബില്‍ വോട്ടിനിട്ട് തള്ളുന്നത് വൻ പ്രചാരണമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാമെന്ന ആലോചനയിലായിരുന്നു നീക്കം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനെതിരെ വൻ പ്രചാരണം നടത്താനാണ് ബി.ജെ.പി ക്യാമ്പിന്‍റെ തീരുമാനം.

എന്നാൽ, വനിത സംവരണത്തെയല്ല, മണ്ഡല പുനർനിർണയത്തെയാണ് എതിർക്കുന്നതെന്ന വാദത്തിലൂന്നി തിരിച്ചടിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. നിലവിലെ 543 സീറ്റിൽ എന്തുകൊണ്ട് വനിത സംവരണം നടപ്പാക്കിക്കൂടായെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

ബില്ലിന്മേൽ നടന്ന ചർച്ചകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ മറുപടി നൽകിയിരുന്നു. ബില്ലുകൾക്കുമേലുള്ള സർക്കാറിന്റെ അന്തിമ നിലപാട് അദ്ദേഹം ഔദ്യോഗികമായി സഭയെ അറിയിച്ചു. വൈകീട്ട് ഏഴുമണിയോടെ ബില്ലുകൾ വോട്ടിനിടുകയായിരുന്നു. വോട്ടെടുപ്പിന് മുന്നോടിയായി സ്പീക്കർ ഓം ബിർളയുമായി അമിത് ഷായും കേന്ദ്രമന്ത്രി കിരൺ റിജിജു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തി.

ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിട്ടേക്കാനും സാധ്യതയുണ്ട്. നേരത്തെ, ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഞ്ഞടിച്ചിരുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഭൂപടം മാറ്റിമറിക്കാനുള്ള നീക്കമാണ് ബില്ലിന് പിന്നിലെന്നായിരുന്നു രാഹുലിന്‍റെ വിമർശനം. വനിതാ സംവരണ ബിൽ സ്ത്രീകൾക്ക് വേണ്ടിയുള്ളതല്ലെന്നതാണ് സത്യം, സ്ത്രീകളുടെ ഉന്നമനത്തിനായി ബിൽ ഒന്നും ചെയ്യുന്നില്ലെന്നും ഇത് ലജ്ജാകമായ നിയമമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജാതി സെൻസസ് മറികടക്കാനുള്ള കേന്ദ്രത്തിന്‍റെ ശ്രമത്തിന്‍റെ ഭാഗമാണ് വനിത സംവരണ ബിൽ. ഇതുവഴി കേന്ദ്രം ഒ.ബി.സിയുടെ അധികാരം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ദലിതരെയും ഒ.ബി.സി വിഭാഗത്തെയും അവരുടെ സ്ത്രീകളെയും ഇന്ത്യൻ സമൂഹം എങ്ങനെയാണ് പരിഗണിച്ചതെന്നത് ചരിത്ര വസ്തുതയാണ്. വനിതാ സംവരണ ബിൽ പൂർണമായും ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. അസ്സമിലും ജമ്മു ആന്‍റ് കാശ്മീരിലും ചെയ്ത പോലെ രാജ്യത്തിന്‍റെ മൊത്തം രാഷ്ട്രീയ ഭൂപടം മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിന് അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വനിതാ സംവരണ ബില്ലിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യം നേടുവാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

പ്രധാനമന്ത്രിക്കെതിരെയും അമിത് ഷാക്കെതിരെയും രാഹുൽ ഗാന്ധി ശക്തമായി പ്രതികരിച്ചു. നോട്ടു നിരോധനത്തിന്‍റെയും ഓപ്പറേഷൻ സിന്ദൂറിന്‍റെയും ഇന്ദ്രജാലക്കാരനാണ് പ്രധാനമന്ത്രിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാഹുൽ ഗാന്ധിയോട് സഭയുടെ ചട്ടങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ പലതവണ അദ്ദേഹത്തിന്‍റെ പ്രസംഗത്തിൽ ഇടപെടുകയുണ്ടായി. രാജ്യത്തിന്‍റെ പ്രതിനിധിയായ പ്രധാനമന്ത്രിയെ രാഹുൽ ഗാന്ധി അപമാനിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞു. ജാതി സെൻസസിനെ മറികടക്കാനുള്ള കേന്ദ്രത്തിന്‍റെ ശ്രമമാണ് വനിതാ സംവരണ ബില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജാതി സെൻസസ് പാർലമെന്‍റിലെ പ്രാതിനിധ്യത്തിനായി ഉപയോഗിക്കുമോ എന്നതാണ് യഥാർഥ ചോദ്യം. ഒബിസിക്കാർക്ക് അധികാരവും പ്രാതിനിധ്യവും നൽകുന്നത് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lok sabhacentral govtamendment billDefeatedwomen's
News Summary - Women's Reservation Amendment Bill defeated in Lok Sabha
Next Story