സ്ത്രീകൾക്കെതിരായ കുറ്റവാളികൾക്ക് പരോൾ അനുവദിക്കരുത് -വനിത കമീഷൻ
text_fieldsന്യൂഡൽഹി: ബലാത്സംഗം, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ (പോക്സോ), സ്ത്രീകൾക്കെതിരായ ക്രൂരമായ കുറ്റകൃത്യങ്ങൾ എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്ക് പരോൾ അനുവദിക്കുന്നത് പൂർണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് ശിപാർശ നൽകാനൊരുങ്ങി ദേശീയ വനിത കമീഷൻ. പുണെയിൽ നാല് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി, മുമ്പ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ ആളാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് കമീഷൻ നീക്കം.
ബലാത്സംഗം, ആവർത്തിച്ചുള്ള ലൈംഗിക അതിക്രമങ്ങൾ, പോക്സോ നിയമപ്രകാരമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്ക് പരോൾ അല്ലെങ്കിൽ താൽക്കാലിക മോചനം നൽകുന്നത് നിരോധിക്കാൻ ജയിൽ നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്നാണ് പ്രധാന ശിപാർശ. ഇത്തരം കേസുകളിൽ അതിവേഗ നീതി ഉറപ്പാക്കുന്നതിന് സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കണമെന്നും അന്വേഷണത്തിൽ നിയമവിദഗ്ധരുടെ സഹായം തേടണമെന്നും കമീഷൻ ആവശ്യപ്പെടുന്നു.
തെളിവുകൾ ശേഖരിക്കുന്നതിനും സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നതിനും കൃത്യമായ സമയപരിധി നിശ്ചയിക്കേണ്ടതുണ്ട്. ലൈംഗിക അതിക്രമ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളെയും ആവർത്തിച്ച് കുറ്റം ചെയ്യുന്നവരെയും പൊലീസ് കർശനമായി നിരീക്ഷിക്കണം. ഇവരുടെ വിവരങ്ങൾ ലോക്കൽ സ്റ്റേഷൻ തലത്തിൽ ശേഖരിക്കുകയും മുതിർന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായി റിപ്പോർട്ട് നൽകുകയും വേണമെന്നും കമീഷൻ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

