മകനുമായി പ്രണയം: യുവതിയെ അർധനഗ്നയാക്കി മർദിച്ച ശേഷം മരത്തിൽ കെട്ടിയിട്ടു; കാമുകനും മാതാപിതാക്കളും അറസ്റ്റിൽ
text_fieldsറാഞ്ചി: പ്രണയബന്ധത്തെ ചൊല്ലി യുവതിയെ അർധനഗ്നയാക്കി മർദിച്ച ശേഷം മരത്തിൽ കെട്ടിയിട്ടു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് സംഭവം. യുവതി നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവതിയുടെ കാമുകനും മതാപിതാക്കളും ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗിരിദിഹ് ജില്ലയിലെ സാരിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. യുവതിയും തങ്ങളുടെ മകനും പ്രണയത്തിലാണെന്ന് അറിഞ്ഞ മാതാപിതാക്കൾ യുവതിയെ രാത്രി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. കാമുകൻ ഫോൺ ചെയ്തതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയ യുവതിയെ കാമുകന്‍റെ അച്ഛനും രണ്ട് ഭാര്യമാരും ചേർന്ന മർദിക്കുകയായിരുന്നു. പിന്നാലെ യുവതിയെ വീടിന് സമീപത്തുള്ള കാട്ടിലേക്ക് കൊണ്ടുപോകുകയും അർധനഗ്നയാക്കിയ ശേഷം മർദിക്കുകയായിരുന്നു. അവശയായ യുവതിയെ മരത്തിൽ കെട്ടിയിട്ട ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടതായും ബഗോദാർ സബ് ഡിവിഷനൽ പൊലീസ് ഓഫീസറായ നാഷാദ് ആലം പറഞ്ഞു.
പൊലീസെത്തിയ ശേഷമാണ് യുവതിയെ രക്ഷപ്പെടുത്തിയത്. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

