Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്ട്രീയ സംഘാടനത്തിൽ...

രാഷ്ട്രീയ സംഘാടനത്തിൽ സ്ത്രീകൾക്ക് പങ്കാളിത്തം വേണം -സഫൂറ സർഗർ

text_fields
bookmark_border
msf national conference
cancel
camera_alt

ന്യൂഡൽഹി ഇന്ത്യ ഇസ്ലാമിക് സെന്‍ററിൽ എം.എസ്.എഫ് രണ്ടാം ദേശീയ സമ്മേളനത്തിൽ പൗരത്വ സമരനായിക സഫൂറ സർഗർ സംസാരിക്കുന്നു

ന്യൂഡൽഹി: മുസ്ലിം സമുദായത്തിന്‍റെ ചെറുത്തുനിൽപ്പിന് രാഷ്ട്രീയ സംഘാടനത്തിൽ സ്ത്രീകൾക്ക് പങ്കാളിത്തം നൽകണമെന്ന് ജയിൽ മോചിതയായ പൗരത്വ സമര നായിക സഫൂറ സർഗർ ആഹ്വാനം ചെയ്തു. മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിക്കാതെ മറ്റു വഴികളില്ലെന്ന് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് തെളിയിച്ചതായും അവർ പറഞ്ഞു. ന്യൂഡൽഹി ഇന്ത്യ ഇസ്ലാമിക് സെന്‍ററിൽ എം.എസ്.എഫ് രണ്ടാം ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ദ്വിദിന സമ്മേളനം തിങ്കളാഴ്ച സമാപിച്ചു.

യു.പി തെരഞ്ഞെടുപ്പിൽ മുസ്ലിംകളുടെ പ്രശ്നങ്ങൾ ആർക്കും തെരഞ്ഞെടുപ്പ് വിഷയമായില്ല. പൗരത്വസമരത്തെ അക്രമം കൊണ്ട് നേരിട്ട സംസ്ഥാനമാണ് യു.പി. കണ്ടലറിയാവുന്ന ഒരു ലക്ഷം പേർക്ക് എതിരെയാണ് പൗരത്വ സമരത്തിന്‍റെ പേരിൽ യു.പി സർക്കാർ കേസെടുത്തത്.

ഏതൊരു മുസ്ലിമിനെയും കേസിൽ കുടുക്കാവുന്ന കുരുക്കാണിത്. ഇത് പോലും തെരഞ്ഞെടുപ്പിൽ ആരും മിണ്ടുന്നില്ല. സമുദായത്തിൽ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുകയും സ്ത്രീകളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയും വേണം. യു.പിയിൽ മുസ്ലിം വിഷയം ചർച്ച ചെയ്യുന്നില്ല. ഹിജാബ് ചർച്ച പോലും ഹിന്ദുത്വ അജണ്ടയാണെന്നും സഫൂറ ചുണ്ടിക്കാട്ടി.

രാജ്യം ഒരു വംശഹത്യയിലേക്ക് നീങ്ങുകയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തക അർഷി ഖുറൈശി മുന്നറിയിപ്പ് നൽകി. എല്ലാ ദിവസവും നിന്ദയും അവഹേളനവും അനുഭവിക്കുന്ന സ്ഥിതിയിലാണ് രാജ്യത്തെ മുസ്ലിംകൾ. എന്നെ ഓൺലൈനിൽ ലേലത്തിന് വെച്ചപ്പോൾ അനുഭവിച്ച മാനസിക പീഡനം വിവരണാതീതമാണ്​.

എങ്ങിനെയാണ് പ്രത്യേക സമുദായത്തിനെതിരെ വാർത്തകൾ കെട്ടിച്ചമക്കുന്നതെന്ന് പഠിച്ചത് റിപബ്ലിക് ടി.വിയിലെ മാധ്യമപ്രവർത്തന കാലത്താണെന്ന് അർഷി തുടർന്നു. മർദക ഭരണകൂടം മർദിതരെ കൂടുതൽ വേട്ടയാടുമ്പോഴാണ് പ്രതിരോധം ഉണ്ടാകുന്നത്. ഹിജാബ് വിവാദം അതിനുദാഹരണമാണ്. അതിനാൽ മോചനത്തിനായി പോരാടേണ്ട സാഹചര്യം ആണ്.

ന്യൂനപക്ഷ അവകാശം നൽകിയാൽ രാഷ്ട്രീയ പ്രാതിനിധ്യം കിട്ടും എന്ന് സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് പറഞ്ഞുവെങ്കിലും അതുണ്ടായില്ലെന്ന് ഗവേഷകനായ ഖാലിദ് ഖാൻ അഭിപ്രായപ്പെട്ടു. പ്രാതിനിധ്യവും അവകാശവും രണ്ടല്ല. ഒന്ന് ഒന്നിനോട് ബന്ധപ്പെട്ടതാണ്.

സ്വത്വത്തെ ആധാരമാക്കി സംസാരിക്കുന്നവർ ഭരണഘടനയെ പിടിക്കുമ്പോൾ ഭൂരിപക്ഷ വാദത്തെ പ്രതിനിധികരിക്കുന്നവർ അന്തരീക്ഷം വിഷമയമാക്കുന്നു. ഖുർആനിൽ ഇല്ലാത്തതിനാൽ മുത്തലാഖ് നിരോധിക്കുകയാണെന്ന് പറഞ്ഞു. എന്നാൽ, ഹിജാബിൽ ഖുർആനെ മാനിക്കുന്നില്ല. ഇത് വൈരുധ്യമാണ്. മുസ്ലിം സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ നോക്കുന്നവർ ഖുർആനിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്.

വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേക്ക് ഭരണഘടനാ വിരുദ്ധമായി പ്രവേശിക്കുകയാണ് ഹിജാബ് വിവാദത്തിലൂടെ സർക്കാർ ചെയ്യുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ഇതിനോട് ബുദ്ധിപരമായ പ്രതികരണമാണ് വേണ്ടത്. വൈകാരിക പ്രതികരണം അല്ല. പൗരത്വ സമരത്തിലെ വിദ്യാർഥി നേതാക്കളെ ജയിലിലിട്ടത് അവർ സമുദായത്തിന് ബുദ്ധിപരമായ നേതൃത്വം നൽകിയത് കൊണ്ടാണ്.

ഡൽഹിയിൽ ആദ്യമായി നടക്കുന്ന എം.എസ്.എഫ് ദേശീയ സമ്മേളനത്തിന് ദേശീയ കമ്മിറ്റിയുടെ ഓഫിസ് ഉദ്​ഘാടനത്തോടെയാണ് തുടക്കമായത്. ഓഫിസ് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

അഡ്വ. പ്രകാശ് അംബേദ്കർ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എം.പി. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, ഇ.ടി. മുഹമ്മദ് ബഷീർ, യൂത്ത് ലീഗ് ദേശീയ പ്രസിന്‍റ് ആസിഫ് അൻസാരി തുടങ്ങിയവരും വിവിധ സെഷനുകളിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:msf national conference
News Summary - Women should be involved in political organization - Zafoora Sargar
Next Story