വനിത പ്രാതിനിധ്യമില്ലാത്ത കർണാടക; പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു
text_fieldsഡി.കെ.ശിവകുമാർ, കിരൺ റിജിജു
ബംഗളൂരു: കർണാടകയിൽ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയിൽ വനിത പ്രാതിനിധ്യം തീരെയില്ലാത്തത് വിവാദമാവുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വനിത സംവരണ നിലപാടും കർണാടകയിലെ അവസ്ഥയും കേന്ദ്ര സഹമന്ത്രി കിരൺ റിജിജു 'എക്സ്'ൽ പരിഹാസം ചൊരിഞ്ഞതോടെ പരിഹാരം തേടി മുഖ്യമന്ത്രി ഡികെ ശിവകുമാർ ഞായറാഴ്ച ഡൽഹിക്ക് പോയി.
ഈ മാസം മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത 19 പേർ ഉൾപ്പെടെ 33 പേരാണ് മന്ത്രിസഭയിലുള്ളത്. പാർട്ടി സ്ത്രീ പ്രാതിനിധ്യത്തിന് പ്രതിജ്ഞാബദ്ധമാണെന്നും പ്രശ്നം പരിഹരിക്കുമെന്നും ഡൽഹിക്ക് പുറപ്പെടും മുമ്പ് മുഖ്യമന്ത്രി പറഞ്ഞു. പാർലമെന്റിൽ ഞങ്ങൾ സ്ത്രീകൾക്ക് എത്ര സീറ്റുകൾ നൽകിയെന്ന് നിങ്ങൾക്കറിയാം, നിങ്ങൾക്ക് ഓർമയുണ്ടെന്ന് ഞാൻ കരുതുന്നു. അതിനാൽ, കർണാടകയിൽ, തീർച്ചയായും ഞങ്ങൾ ആ പ്രശ്നം പരിഹരിക്കുകയാണ്.
കോൺഗ്രസ് പാർട്ടിയെക്കുറിച്ചോർത്ത് റിജിജു വിഷമിക്കേണ്ട. വനിതാ സംവരണ ബിൽ കൊണ്ടുവന്നതും പാസാക്കിയതും ഞങ്ങളാണ്. സ്ത്രീകൾക്ക് മുൻഗണന നൽകുന്നതിൽ കോൺഗ്രസ് പാർട്ടി വിശ്വസിക്കുന്നു. തീർച്ചയായും മന്ത്രിസഭയിൽ ഒരു സ്ത്രീ ഉണ്ടാകും. സ്ത്രീകൾക്ക് കൂടുതൽ ശക്തി നൽകുമെന്നും ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹൈകമാൻഡ് പട്ടികയിലെ വനിത പുറത്ത്
ബംഗളൂരു: തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ട വനിത ആരെന്ന മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ അന്വേഷണത്തിന് മുന്നിൽ ചോദ്യചിഹ്നമാവുകയാണ് ഹൈകമാൻഡ് പുറത്തിറക്കിയ മന്ത്രിമാരുടെ പട്ടിക. 20 പേരിൽ നമ്പർ 17 ആയി ഉൾപ്പെടുത്തിയ ഗായത്രി ശാന്തെ ഗൗഡയെ സത്യപ്രതിജ്ഞയിൽ നിന്ന് മാറ്റിനിർത്തുകയായിരുന്നു. സുപ്രീം കോടതി വിധിയിലൂടെ ഗായത്രിയെ കോൺഗ്രസ് എംഎൽസിയായി പ്രഖ്യാപിച്ചതിന്
പിന്നാലെയായിരുന്നു അവർ മന്ത്രിമാരാവുന്നവരുടെ പട്ടികയിൽ ഇടം നേടിയത്. സിദ്ധരാമയ്യ മന്ത്രിസഭയിൽ ലക്ഷ്മി ഹെബ്ബാൾക്കറായിരുന്നു ഏക വനിത. അതേസമയം എസ്.എം. കൃഷ്ണയുടെ കോൺഗ്രസ് മന്ത്രിസഭയിൽ (1999) നാല് വനിത മന്ത്രിമാരുണ്ടായിരുന്നു, രാഹുൽ ഗാന്ധിയുമായുള്ള ആദ്യ ഘട്ട ചർച്ചകളിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ സ്ത്രീകൾക്ക് രണ്ട് കാബിനറ്റ് പദവികൾ നൽകാൻ തീരുമാനിച്ചതായിരുന്നു.
എം.എൽ.സിമാരായ ബൽകീസ് ബാനുവിന്റെയും ഉമാശ്രീയുടെയും പേരുകൾ ഉയർന്നുവരുകയും ചെയ്തു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ തലേന്ന് ഞായറാഴ്ച ബൽകീസ് ബാനു മുഖ്യമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹം അവരെ അഭിനന്ദിച്ചിരുന്നു. എന്നാൽ പിറ്റേന്ന് രാവിലെ ശാന്തെഗൗഡയുടെ പേര് ഉയർന്നുവന്നു. മുൻ മന്ത്രി സമീർ അഹമ്മദ് ഖാനെ വീണ്ടും ഉൾപ്പെടുത്തുന്നതിനായി ബാനുവിന്റെ പേര് ഒഴിവാക്കിയന്നാണ് ആഭ്യന്തര വിശദീകരണം.
മന്ത്രിസഭയിൽ ഏഴ് ലിംഗായത്തുകൾ, ഏഴ് പട്ടികജാതിക്കാർ, അഞ്ച് വൊക്കലിഗകൾ, ആറ് ഒബിസികൾ, മൂന്ന് പട്ടികവർഗക്കാർ, മൂന്ന് മുസ്‌ലിം എന്നിവരാണുള്ളത്. 2023-ൽ ഗൃഹലക്ഷ്മി, ശക്തി എന്നീ വാഗ്ദാനങ്ങൾ നൽകി 2.59 കോടി വനിതാ വോട്ടർമാരെ ആകർഷിച്ചാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. എന്നിട്ടും ലക്ഷ്മി ഹെബ്ബാൾക്കർ, നയന മോട്ടമ്മ, കനീസ് ഫാത്തിമ, അന്നപൂർണ്ണ തുക്കാറാം, രൂപ്കല ശശിധർ എന്നിങ്ങിനെ അഞ്ച് വനിത എംഎൽഎമാരും ബിൽക്കിസ് ബാനു, ഉമാശ്രീ, ആരതി കൃഷ്ണ, ഗായത്രി - എന്നീ നാല് വനിത എംഎൽസിമാരും ഉണ്ടായിരുന്നിട്ടും ഒരാളെപ്പോലും മന്ത്രിയാക്കിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

