ട്രെയിനിൽ വനിതായാത്രക്കാർ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ഉദ്യോഗസ്ഥക്കുൾപ്പെടെ പരിക്ക്
text_fieldsമുംബൈ: മുംബൈ സബർബൻ ട്രെയിനിന്റെ ലേഡീസ് കമ്പാർട്ട്‌മെന്റിൽ സീറ്റിന് വേണ്ടി കൂട്ടത്തല്ല്. കഴിഞ്ഞ ദിവസമാണ് തല്ലുണ്ടായത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തല്ലിനിടെ കമ്പാർട്ട്മെന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥക്ക് പരിക്കേൽക്കുകയും ചെയ്തു.
താനെ-പൻവേൽ ലോക്കൽ ട്രെയിനിന്റെ ലേഡീസ് കമ്പാർട്ടുമെന്റിനുള്ളിലാണ് സ്ത്രീകൾ പരസ്പരം ഏറ്റുമുട്ടിയത്.
ട്രെയിൻ ടർബെ സ്റ്റേഷനടുത്ത് എത്തിയപ്പോൾ സീറ്റിനെച്ചൊല്ലി മൂന്ന് യാത്രക്കാർ തമ്മിൽ തർക്കമുണ്ടായതാണ് സംഘർഷത്തിന് ഇടയാക്കിയതെന്ന് വാഷി ഗവൺമെന്റ് റെയിൽവേ പൊലീസിലെ (ജി.ആർ.പി) ഇൻസ്‌പെക്ടർ സംഭാജി കടാരെ പറഞ്ഞു. തർക്കത്തിൽ കൂടുതൽ പേർ ഇടപെട്ടതോടെ വിഷയം രൂക്ഷമായി.
ടർബെ സ്റ്റേഷനിൽ സീറ്റ് ഒഴിഞ്ഞപ്പോൾ, ഇരുന്നുയാത്ര ചെയ്യുന്നയാൾ നിൽക്കുന്ന ഒരു സ്ത്രീയെ സീറ്റിലേക്ക് ക്ഷണിച്ചു. അവരും വേറൊരു സ്ത്രീയും ഒരുമിച്ച് സീറ്റിലിരിക്കാൻ ശ്രമിക്കുകയും മൂവരും തമ്മിൽ തർക്കമാവുകയും ചെയ്തു. വാക് തർക്കം മുറുകി കൈയ്യാങ്കളിയായി. മറ്റു പലരും അടിയിൽ പങ്കാളികളായി.
പരസ്പരം തലമുടി പിടിച്ചുവലിച്ചും തലകൊണ്ടിടിച്ചും കുനിച്ചു നിർത്തി പുറത്തടിച്ചും ട്രെയിനിന്റെ ഭിത്തിയിലിടിച്ചും നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തർക്കം പരിഹരിക്കാൻ ശ്രമിച്ച പൊലീസുകാരിക്കും ആക്രമണത്തിൽ പരിക്കേറ്റു. മൂന്നുപേരുടെയും നെറ്റിയിൽ നിന്നും ചോരയൊഴുകുന്നത് ദൃശ്യങ്ങളിൽ കാണാം. തർക്കം മുറുകുമ്പോൾ അവിടെ നിന്ന് രക്ഷപ്പെടാനായി പലരും സീറ്റുകൾ ചാടിക്കടന്ന് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തെക്കുറിച്ച് വാഷി ജിആർപി അന്വേഷിക്കുകയാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് ഇൻസ്‍പെക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

