രാത്രി കസ്റ്റഡിയെ ചോദ്യം ചെയ്ത് നേഹ ബോറ; 'സ്ത്രീകളെ സൂര്യാസ്തമയത്തോടെ വിട്ടയക്കണം'
text_fieldsന്യൂഡൽഹി: ഡൽഹി പ്രതിഷേധത്തിന്റെ പേരിൽ രാത്രി മുഴുവൻ അജ്ഞാത കസ്റ്റഡിയിൽ പാർപ്പിച്ചതിനെതിരെ ഐസ പ്രസിഡന്റ് നേഹ ബോറ. കസ്റ്റഡിയിലെടുത്ത സ്ത്രീകളെ സൂര്യാസ്തമയത്തോടെ വിട്ടയക്കേണ്ടതാണെന്നും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ തന്നെ രാത്രി മുഴുവൻ കസ്റ്റഡിയിൽ വെച്ചതെന്നും നേഹ ചോദിച്ചു. മണിക്കൂറുകളോളം തന്നെ അഭിഭാഷകനുമായി സംസാരിക്കാൻ അനുവദിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേഹ.
"സാധ്യമായ എല്ലാ വഴികളിലൂടെയും നിയമവും ക്രമസമാധാനവും കാറ്റിൽ പറത്തുകയാണ്. സാധാരണക്കാരായ പൗരന്മാരോട് കടുത്ത കുറ്റവാളികളോടെന്നപോലെയാണ് പെരുമാറുന്നത്. ആളുകളെ പകലോ വൈകുന്നേരമോ തടഞ്ഞുവെക്കുകയും രാത്രി മുഴുവൻ കസ്റ്റഡിയിൽ വയ്ക്കുകയും തൊട്ടടുത്ത ദിവസം മാത്രം വിട്ടയക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന് നിലവിലെ പ്രക്ഷോഭത്തിലൂടെ നാം കണ്ടു. ഏത് അധികാരത്തിന്റെ പേരിലാണ് ഇത് ന്യായീകരിക്കപ്പെടുന്നത്? ഏത് നിയമമോ ഉത്തരവോ അനുസരിച്ചാണ് തടവിലാക്കപ്പെട്ടവരെ രാത്രി മുഴുവൻ കസ്റ്റഡിയിൽ വയ്ക്കാൻ അനുവാദമുള്ളത്? നിയമപരമായി, വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെ സൂര്യാസ്തമയത്തോടെ വിട്ടയക്കേണ്ടതുണ്ട്, എന്നിട്ടും ഇത് സംഭവിക്കുന്നില്ല," നേഹ പറഞ്ഞു.
"പൊലീസ് എന്റെ പേരും മേൽവിലാസവും മറ്റ് വിവരങ്ങളും ആവശ്യപ്പെട്ടു. കുറെ നേരത്തേക്ക് സംസാരിക്കാനോ ഒരു അഭിഭാഷകനോട് കൂടിയാലോചിക്കാനോ പോലും അവർ എന്നെ അനുവദിച്ചില്ല. 5-6 മണിക്കൂർ ചെലവഴിച്ച ശേഷമാണ് അഭിഭാഷകർക്ക് എന്നെ കണ്ടെത്താൻ കഴിഞ്ഞത്," നേഹ കൂട്ടിച്ചേർത്തു.ഈ രാജ്യത്തെ സാധാരണക്കാരായ പൗരന്മാർക്ക് ആശ്വാസത്തോടെ ശ്വാസമെടുക്കാനും, സമാധാനത്തോടെയിരിക്കാനും, അവരുടെ വോട്ടവകാശം ഉറപ്പാക്കാനും ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുകയും എസ്.ഐ.ആർ നിർത്തിവെക്കുകയും ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
വോട്ടർപട്ടിക ക്രമക്കേടിൽ പ്രതിഷേധിച്ച് മാർച്ചിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മണ്ഡി ഹൗസിൽ വെച്ച് ഇന്നലെ നേഹയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകളോളം അജ്ഞാത തടങ്കലിൽ വെച്ച ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു. സമരത്തിൽ പങ്കെടുക്കാൻ വീട്ടിൽനിന്ന് ഇറങ്ങിയ ഉടൻ അഭിജീത് ദിപ്കെയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദിപ്കെയെ കോടതിയിൽ ഹാജറാക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

