‘സ്ത്രീകൾ രാജ്യത്തെ വലിയ ന്യൂനപക്ഷം’ വനിത സംവരണ നിയമം കാലതാമസമില്ലാതെ നടപ്പാക്കണമെന്ന ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വനിത സംവരണ നിയമം കാലതാമസമില്ലാതെ നടപ്പിലാക്കണമെന്ന ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹരജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. രാജ്യത്തെ വലിയ ന്യൂനപക്ഷമാണ് സ്ത്രീകളെന്ന് ഹരജി പരിഗണിക്കവെ ജസ്റ്റിസ് ബി.വി. നാഗരത്ന ചൂണ്ടിക്കാട്ടി.
‘ഭരണഘടനയുടെ ആമുഖം എല്ലാ പൗരൻമാർക്കും രാഷ്ട്രീയവും സാമൂഹികവുമായ തുല്യത വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ രാജ്യത്തെ വലിയ ന്യൂനപക്ഷം 48 ശതമാനത്തോളം വരുന്ന സ്ത്രീകളാണ്. ഇത് രാഷ്ട്രീയത്തിൽ സ്ത്രീകൾക്കുള്ള തുല്യത സംബന്ധിച്ചാണ്’- സുപ്രീം കോടതിയിലെ ഏക വനിത ജഡ്ജി കൂടിയായ ജസ്റ്റിസ് നാഗരത്ന വാക്കാൽ പരാമർശിച്ചു.
കോൺഗ്രസ് നേതാവായ ജയ ഠാക്കൂറാണ് കോടതിയെ സമീപിച്ചത്. മണ്ഡലപുനർനിർണയത്തിന് കാത്തിരിക്കാതെ വനിത സംവരണ ബിൽ 2024 നടപ്പിലാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ജസ്റ്റിസ് ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ഡൽഹി നിയമസഭയിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് ‘നാരി ശക്തി വന്ദൻ അധിനിയം’ അഥവാ ഭരണഘടനയുടെ 106-ാം ഭേദഗതി.
രാജ്യം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിട്ടിട്ടും സംവരണത്തിനായി സ്ത്രീകൾക്ക് കോടതിയെ സമീപിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണെന്ന് ഹരജിക്കാരിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു. മൂന്നിലൊന്ന് സീറ്റുകളിൽ സംവരണം ഏർപ്പെടുത്തണമെന്ന് മാത്രമാണ് ആവശ്യം. ചില ഡാറ്റകൾ പരിഗണിച്ച് സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെന്നും ശോഭ കൂട്ടിച്ചേർത്തു.
നയപരമായ തീരുമാനങ്ങളിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയ കോടതി മറുപടി തേടി സർക്കാരിന് നോട്ടീസയക്കുകയായിരുന്നു. അതേസമയം, സംവരണ നിയമം പാർലമെന്റ് പാസാക്കിയിട്ടും അതിന്റെ പ്രാബല്യം അനിശ്ചിതമായി നീട്ടിവെക്കുന്നത് ഭരണഘടനാ ഭേദഗതിയുടെ ആത്മാവിന് വിരുദ്ധമാണെന്ന് ഹരജിക്കാർ ആവർത്തിച്ചു.
ലോക്സഭയും രാജ്യസഭയും ഏകകണ്ഠേന പാസാക്കിയ ബില്ലിന് 2023 സെപ്റ്റംബർ 28നാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ഇന്ത്യൻ ഭരണഘടനയിൽ അനുഛേദം 334-എ കൂടി ബില്ലിലൂടെ ഉൾപ്പെടുത്തി. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ഡൽഹി നിയമസഭയിലും സ്ത്രീകൾക്കുള്ള സംവരണം പ്രാബല്യത്തിൽ വരുമെന്ന് പുതിയ അനുഛേദം പറയുന്നു. ഭേദഗതിക്ക് ശേഷം നടത്തുന്ന ആദ്യ സെൻസസിന്റെ ഫലങ്ങൾ പരസ്യമാക്കിയതിന് ശേഷം നടത്തുന്ന മണ്ഡല പുനർനിർണയത്തിന് ശേഷമാവും നിയമം നടപ്പിൽ വരുക.
എന്നാൽ, അതിർത്തി നിർണയ പ്രക്രിയ പൂർത്തിയാക്കാൻ കാത്തിരിക്കാതെ വനിതാ സംവരണം നടപ്പിലാക്കണമെന്നാണ് ഡോ. ഠാക്കൂറിന്റെ ഹരജിയിലെ ആവശ്യം. ഇതിനായി, ആർട്ടിക്കിൾ 334-എയിലെ ‘ആദ്യ സെൻസസ് വിവരമനുസരിച്ച് മണ്ഡല പുനർനിർണയം നടത്തിയ ശേഷം’ എന്ന നിബന്ധന അസാധുവായി പ്രഖ്യാപിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു .
ഈ വർഷം ജനുവരി 10-ന് സുപ്രീംകോടതി മണ്ഡല പുനർനിർണയ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഹരജികൾ പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു. അന്ന് ജയാ ഠാക്കൂറിന്റെയും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ (എൻ.എഫ്.ഐ.ഡബ്ള്യൂ) സംഘടനയുടെയും ഹരജികൾ കോടതി തള്ളിയിരുന്നു.
1996 മുതൽ പലതവണ ഈ നിയമം പാസാക്കാൻ ശ്രമം നടന്നിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. 2023-ലാണ് ദശാബ്ദങ്ങളായുള്ള ആവശ്യം യാഥാർഥ്യമായത്. ഇന്ത്യയുടെ അമൃതകാലത്തിന് തുടക്കം കുറിച്ചു എന്ന് അവകാശപ്പെട്ട് കൊണ്ട് പുതിയ പാർലമെന്റ് മന്ദിരത്തിൽ സഭ ചേർന്നപ്പോൾ ആദ്യം പരിഗണിച്ച ബില്ലാണിത്. പതിനേഴാം ലോക്‌സഭയിൽ 543 അംഗങ്ങളിൽ 78 പേർ (ഏകദേശം 14 ശതമാനം) മാത്രമാണ് സ്ത്രീ പ്രാതിനിധ്യമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

