മുസ്‌ലിം ലീഗിലെ വനിതകൾ അടിച്ചമർത്തപ്പെട്ടവരല്ല; ദേശീയ കമ്മിറ്റിയിലേക്ക് വനിതകളെ തെരഞ്ഞെടുത്തത് ശരിയായ സമയത്ത് -ഫാത്തിമ മുസഫര്‍
text_fieldsചെന്നൈ: മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്‍റ് സെക്രട്ടറിമാരായി രണ്ട് വനിതകളെ തെരഞ്ഞെടുത്തതിൽ പ്രതികരണവുമായി വനിത ലീഗ് ദേശീയ പ്രസിഡന്‍റ് ഫാത്തിമ മുസഫര്‍. ലീഗ് ദേശീയ കമ്മിറ്റിയിലേക്ക് വനിതകളെ തെരഞ്ഞെടുത്തത് ശരിയായ സമയത്താണെന്ന് ഫാത്തിമ മുസഫര്‍ പറഞ്ഞു.
ലീഗിലെ വനിതകൾ രാഷ്ട്രീയമായി അടിച്ചമർത്തപ്പെട്ടവരല്ല. പാർട്ടി പുരുഷന്മാരെയും സ്ത്രീകളെയും ഒരേപോലെ ഉയർത്തി കൊണ്ടുവരുന്നു. ലീഗ് ദേശീയധാരയിലേക്ക് വനിതകളെ ഉയർത്തി കൊണ്ടുവരുന്നില്ലെന്ന ആരോപണം അസത്യമാണ്. മതേതര പാർട്ടിയായ ലീഗിന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും ഫാത്തിമ ചൂണ്ടിക്കാട്ടി.
കേരളത്തിൽ ലീഗ് അംഗങ്ങളിൽ പകുതിയിലധികം സ്ത്രീകളാണ്. തമിഴ്നാട്ടിൽ 32 ജില്ലകളിൽ പാർട്ടി ശക്തമാണ്. താൻ ചെന്നൈയിലെ കൗൺസിലറും വഖഫ്- ഹജ്ജ് കമ്മിറ്റി അംഗവുമാണ്. ദേശീയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും നേതാക്കളോട് നന്ദി പറയുന്നുവെന്നും ഫാത്തിമ മുസഫര്‍ കൂട്ടിച്ചേർത്തു.
ചരിത്രത്തിൽ ആദ്യമായാണ് മുസ് ലിം ലീഗ് ദേശീയ കമ്മിറ്റിയിൽ രണ്ട് വനിതകളെ തെരഞ്ഞെടുത്തത്. തമിഴ്നാട്ടിൽ നിന്നുള്ള ഫാത്തിമ മുസഫറും കേരളത്തിൽ നിന്നുള്ള ജയന്തി രാജനുമാണ് തെരഞ്ഞെടുക്കപ്പെട്ടവർ. പ്രഫ. കെ.എം. ഖാദർ മൊയ്തീൻ ലീഗ് ദേശീയ പ്രസിഡന്റായും പി.കെ. കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറിയായും തുടരും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ (പൊളിറ്റിക്കല്‍ അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍), ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി (ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി (സീനിയര്‍ വൈസ് പ്രസിഡന്റ്), പി.വി. അബ്ദുൽ വഹാബ് എം.പി (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു. കെ.പി.എ മജീദ്, മുനവറലി ശിഹാബ് തങ്ങൾ, അഡ്വ. ഹാരിസ് ബീരാൻ എന്നിവരും ദേശീയ നേതൃനിരയിലെത്തി.
മറ്റു ഭാരവാഹികൾ: കെ.പി.എ. മജീദ്, മുന്‍ എംപി എം. അബ്ദുറഹ്മാന്‍- തമിഴ്നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്‍ണാടക, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ- കര്‍ണാടക, എസ്. നഈം അക്തര്‍- ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ -യു.പി, കെ. സൈനുല്‍ ആബിദീന്‍ (വൈസ് പ്രസിഡന്റുമാർ).
മുനവറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍- ഡല്‍ഹി, നവാസ് കനി എം.പി -തമിഴ്നാട്, അഡ്വ. ഹാരിസ് ബീരാന്‍ എം.പി, അബ്ദുല്‍ ബാസിത് -തമിഴ്‌നാട്, ടി.എ. അഹമ്മദ് കബീര്‍, സി.കെ. സുബൈര്‍ (സെക്രട്ടറിമാർ).
ആസിഫ് അന്‍സാരി -ഡല്‍ഹി, അഡ്വ. ഫൈസല്‍ ബാബു, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി -യു.പി, ഫാത്തിമ മുസഫര്‍- തമിഴ്നാട്, ജയന്തി രാജന്‍ -കേരളം, അഞ്ജനി കുമാര്‍ സിന്‍ഹ -ഝാര്‍ഖണ്ഡ്, എം.പി. മുഹമ്മദ് കോയ(അസി. സെക്രട്ടറിമാർ).
വ്യാഴാഴ്ച ചെന്നൈ പൂന്ദമല്ലി ഹൈറോഡിലെ അബു പാലസ് ഹാളിൽ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംസ്ഥാനങ്ങളിൽ നിന്നുള്ള 700ലധികം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

