Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘രാഷ്ട്രീയത്തിലെ...

‘രാഷ്ട്രീയത്തിലെ സ്ത്രീകളും സംരക്ഷണം അർഹിക്കുന്നു’: രാഷ്ട്രീയ പാർട്ടികൾ ‘പോഷ്’ നിയമം പാലിക്കണമെന്ന ഹരജി സുപ്രീംകോടതിയിൽ

text_fields
bookmark_border
‘രാഷ്ട്രീയത്തിലെ സ്ത്രീകളും സംരക്ഷണം അർഹിക്കുന്നു’: രാഷ്ട്രീയ പാർട്ടികൾ ‘പോഷ്’ നിയമം പാലിക്കണമെന്ന   ഹരജി സുപ്രീംകോടതിയിൽ
cancel

ന്യൂഡൽഹി: രജിസ്റ്റർ ചെയ്ത എല്ലാ രാഷ്ട്രീയ പാർട്ടികളെയും പോഷ് നിയമത്തിന്റെ (ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ നിയമം) പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തു.

മലയാളിയായ സുപ്രീംകോടതി അഭിഭാഷകൻ സമർപിച്ച ഹരജിയിൽ വനിതാ രാഷ്ട്രീയ പ്രവർത്തകരെ ഈ നിയമത്തിന്റെ സംരക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നത് ഏകപക്ഷീയമാണെന്ന് വാദിച്ചു. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 14 (നിയമത്തിന് മുമ്പിലുള്ള തുല്യത), 15 (മതം, വംശം, ജാതി, ലിംഗം അല്ലെങ്കിൽ ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം നിരോധിക്കൽ), 19 (സംസാര സ്വാതന്ത്ര്യം മുതലായ അവകാശങ്ങളുടെ സംരക്ഷണം), 21 (ജീവിതത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം) എന്നിവയുടെ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കുന്നു.

2013ൽ നിലവിൽ വന്ന ‘പോഷ്’ നിയമത്തിലെ സെക്ഷൻ 2(ജി) പ്രകാരം രാഷ്ട്രീയ പാർട്ടികളെ ‘തൊഴിലുടമകളായി’ പ്രഖ്യാപിക്കുന്ന ഒരു ‘മാൻഡമസ്’ റിട്ട് പുറപ്പെടുവിക്കണമെന്ന് അഭിഭാഷകൻ ശ്രീറാം പറക്കാട്ട് മുഖേന സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെടുന്നു. ദേശീയ-പ്രാദേശിക പാർട്ടികൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകൾക്കുള്ളിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ (ഐ.സി.സി) നിർബന്ധിതമായി രൂപീകരിക്കണമെന്നും ഇത് ആവശ്യപ്പെടുന്നു.

ഈ സംരക്ഷണങ്ങൾ ഏകപക്ഷീയമായി നിഷേധിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും വളന്റിയർമാർ, ഇന്റേണുകൾ, പ്രചാരകർ എന്നിവരുൾപ്പെടെയുള്ള വനിതാ രാഷ്ട്രീയ പ്രവർത്തകർക്ക് നിലവിൽ ഒരു ഔപചാരിക പരാതി പരിഹാര സംവിധാനവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ബി.ജെ.പി, കോൺഗ്രസ്, ആം ആദ്മി പാർട്ടി, സി.പി.ഐ(എം), സി.പി.ഐ, എൻ.സി.പി, തൃണമൂൽ കോൺഗ്രസ്, ബി.എസ്.പി, നാഷണൽ പീപ്പിൾസ് പാർട്ടി, ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ് എന്നിവയുൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ പാർട്ടികളെയാണ് ഹരജിക്കാരൻ എതിർകക്ഷികളായി ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാറിനെയും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനെയും കേസിൽ കക്ഷികളായി ഉൾപ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ ഐ.സി.സികളുടെ ഭരണഘടനയിലെ പൊരുത്തക്കേടുകൾ ഹരജിയിൽ എടുത്തുകാണിക്കുന്നു. സി.പി.എം ബാഹ്യ അംഗങ്ങളുള്ള കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും ആം ആദ്മിയുടെ കമ്മിറ്റി ഘടന വ്യക്തമല്ല. ബി.ജെ.പിയും കോൺഗ്രസും പരാതികൾ അച്ചടക്ക സമിതികൾ വഴി പരിഹരിക്കുകയോ സംസ്ഥാന യൂനിറ്റുകൾക്ക് മാറ്റിവെക്കുകയോ ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. ഇതെല്ലാം ‘പോഷ്’ നിയമപ്രകാരം നിർബന്ധമാക്കിയിട്ടുള്ള നിയമ ഘടനയിൽ നിന്നുള്ള വ്യതിചലനമാണ്.

യു.എൻ, ഇന്റർ-പാർലമെന്ററി യൂനിയൻ, ജസ്റ്റിസ് വർമ കമ്മിറ്റി എന്നിവയുടെ പഠനങ്ങൾ ഉദ്ധരിച്ച് ഇന്ത്യൻ രാഷ്ട്രീയ ഇടങ്ങളിൽ മാനസികവും ലൈംഗികവുമായ പീഡനത്തിന്റെ വ്യാപനം ഹരജിക്കാരൻ അടിവരയിടുന്നു. ഇന്ത്യയിലെ വനിതാ രാഷ്ട്രീയക്കാരിൽ 45ശതമാനം പേർ ശാരീരിക പീഡനം നേരിട്ടിട്ടുണ്ടെന്നും 49ശതമാനം പേർ വാക്കാലുള്ള പീഡനം അനുഭവിച്ചിട്ടുണ്ടെന്നും ഒരു പഠനത്തിൽ കണ്ടെത്തി.

രാഷ്ട്രീയ പാർട്ടികളിൽ തൊഴിലുടമയും ജീവനക്കാരും എന്ന തരത്തിലുള്ള ഔപചാരികമായ ബന്ധത്തിന്റെ അഭാവം മൂലം അവയെ ഐ.സി.സികൾ രൂപീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയ 2022ലെ കേരള ഹൈകോടതി വിധിയെയും ഹരജി വിമർശിക്കുന്നു. അത്തരം ഇളവുകൾ സ്ത്രീ സുരക്ഷയിൽ ആശങ്കാജനകമായ വിടവ് സൃഷ്ടിക്കുന്നു. ‘പോഷ്’ നിയമത്തിലെ ജോലിസ്ഥലം, തൊഴിലുടമ എന്നിവയുടെ നിർവചനങ്ങൾ വിശാലമായി വ്യാഖ്യാനിക്കണമെന്നും സുപ്രീംകോടതിയോട് ഹരജി അഭ്യർഥിക്കുന്നു.

2024ൽ, സമാനമായ ഒരു ഹരജി ഫയൽ ചെയ്തിരുന്നുവെന്നും എന്നാൽ ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും ഹരജിക്കാരൻ വാദിച്ചു. വിവിധ മേഖലകളിൽ ‘പോഷ്’ നിയമം മികച്ച രീതിയിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ 2024 ഡിസംബർ 3ന് സുപ്രീംകോടതി നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പുതിയ ഹരജിയിൽ ഉടൻ തന്നെ വാദം കേട്ടേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCpolitical partiesPOSH ACTInternal Complaints Committeewomen protectionSupreme CourtWomen in politics
News Summary - ‘Women in politics deserve same protections’: Plea in SC for POSH compliance by political parties
Next Story