
വടിയെടുത്ത് കാവൽനിന്ന് സ്ത്രീകൾ; കോവിഡിന് കടന്നുചെല്ലാനാവാതെ ഒരു ഗ്രാമം
text_fieldsഭോപ്പാൽ: രാജ്യം കോവിഡ് രണ്ടാം തരംഗത്തിന് മുന്നിൽ ശ്വാസം കിട്ടാതെ പിടഞ്ഞുവീഴുേമ്പാൾ, ഒരൊറ്റ രോഗികൾ പോലുമില്ലാതെ ഇവിടെയൊരു ഗ്രാമമുണ്ട്. മധ്യപ്രദേശിലെ ബെതുലിനോട് ചേർന്ന ചിക്കലാർ ഗ്രാമമാണ് ഇന്ന് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒന്നുപോലും ഇൗ ഗ്രാമത്തിൽനിന്നല്ല.
ഇതിെൻറ എല്ലാ അംഗീകാരവും നൽകുന്നത് ഇവിടത്തെ സ്ത്രീകൾക്കാണ്. പുറത്തുനിന്ന് ആരെയും ഇവർ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി കൊറോണ വൈറസിൽനിന്ന് ഗ്രാമത്തെ സുരക്ഷിതമാക്കാൻ ഇവർക്ക് കഴിഞ്ഞു.
വ്യാജ മദ്യവിൽപ്പനയിലൂടെ കുപ്രസിദ്ധിയാർജിച്ച നാടാണ് ചിക്കലാർ. എന്നാൽ, സ്ത്രീകൾ മുൻകൈയെടുത്ത് തുടങ്ങിയ നിയന്ത്രണങ്ങൾ ഇവരെ പ്രശസ്തിയിലെത്തിച്ചിരിക്കുന്നു. സാരി ധരിച്ച സ്ത്രീകൾ കൈയിൽ വടിയുമേന്തി ഗ്രാമത്തിന് കാവൽ നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിക്കാൻ റോഡുകൾ മുളകൊണ്ട് കെട്ടി അടച്ചിട്ടുണ്ട്. ഇതിന് സമീപം മുന്നറിയിപ്പുമായി ഒരു പോസ്റ്ററും സ്ഥാപിച്ചത് കാണാം. ഗ്രാമത്തിന് സമീപം കടന്നുപോകുന്ന സംസ്ഥാനപാതയിലൂടെ വരുന്നവരെയും ഇവർ നിരീക്ഷിക്കുന്നുണ്ട്.
സ്വന്തം ഗ്രാമത്തിലുള്ളവർ അലക്ഷ്യമായി ചുറ്റിക്കറങ്ങിയാലും ഇവരുടെ കൈവശമുള്ള വടിയുടെ ചൂടറിയും. നാട്ടുകാർക്ക് പുറത്തുപോകാനും വിലക്കുണ്ട്. പുറമെ നിന്നുള്ള ആവശ്യമായ ജോലികൾക്കായി രണ്ട് യുവാക്കളെ ഇവർ നിയമിച്ചിരിക്കുകയാണ്.
തങ്ങളുടെ ഗ്രാമത്തെ ൈവറസിൽനിന്ന് രക്ഷിക്കാനാണ് ഇത്തരം കടുത്ത തീരുമാനം എടുത്തതെന്ന് സ്ത്രീകൾ പറയുന്നു. തങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും ലക്ഷ്യം കാണുന്നുണ്ടെന്ന ആശ്വാസത്തിലാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
