'സ്ത്രീകൾ തെരഞ്ഞെടുക്കപ്പെടുന്നു, ഭരണം നടത്തുന്നത് ഭർത്താക്കന്മാർ'; പഞ്ചായത്തുകളിലെ 'പ്രോക്സി' ഭരണത്തിനെതിരെ കേന്ദ്ര സർക്കാർ
text_fieldsതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തി മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും ഗ്രാമപഞ്ചായത്തുകളിലെ യഥാർഥ ഭരണാധികാരം ഇപ്പോഴും പുരുഷന്മാരുടെ കൈകളിൽത്തന്നെയാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെടുന്ന വനിതാ പ്രതിനിധികൾക്ക് പകരം അവരുടെ ഭർത്താക്കന്മാരോ മറ്റ് പുരുഷ ബന്ധുക്കളോ ഭരണം നടത്തുന്ന 'പ്രോക്സി ലീഡർഷിപ്പ്' ഒരു വലിയ വെല്ലുവിളിയായി തുടരുന്നുവെന്ന് പഞ്ചായത്തി രാജ് മന്ത്രാലയം ലോകസഭയിൽ സമ്മതിച്ചു.
ബി.ജെ.പി എം.പി സ്മിത ഉദയ് വാഘ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രി രാജീവ് രഞ്ജൻ സിങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തദ്ദേശ സ്ഥാപനങ്ങളിൽ വനിതകളുടെ ഭരണശേഷി വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ പരിശീലന പരിപാടികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും സാമൂഹികവും കുടുംബപരവുമായ പുരുഷാധിപത്യ ഘടന കാരണം യഥാർഥ അധികാര വിനിയോഗം പലപ്പോഴും പുരുഷന്മാരുടെ പക്കൽത്തന്നെ തങ്ങിനിൽക്കുകയാണ്.
ഈ വിഷയം പഠിക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച ഉപദേശക സമിതി സമർപ്പിച്ച ശുപാർശകൾ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. പ്രോക്സി ഭരണം പൂർണമായി അവസാനിപ്പിക്കുന്നതിനായി നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ, ബോധവൽക്കരണം, കടുത്ത ശിക്ഷാ നടപടികൾ, സാമൂഹിക ഓഡിറ്റ് എന്നിവ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ടാസ്ക് ഫോഴ്സും രൂപീകരിച്ചിട്ടുണ്ട്.
'രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ' തുടങ്ങിയ പദ്ധതികൾ വഴി ലക്ഷക്കണക്കിന് വനിതാ പ്രതിനിധികൾക്ക് ഭരണപരിശീലനം നൽകിയിട്ടുണ്ടെങ്കിലും ഈ പരിശീലനങ്ങൾ എത്രത്തോളം സ്വതന്ത്രമായ തീരുമാനങ്ങളിലേക്ക് വഴിവെക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന സർവേ കണക്കുകൾ ലഭ്യമല്ല. ഭരണഘടനാപരമായ സംവരണം വഴി സ്ത്രീകൾ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നുണ്ടെങ്കിലും അവരെ മുന്നിൽ നിർത്തി പിന്നണിയിൽ ഭരണം നടത്തുന്ന രീതി അവസാനിപ്പിക്കാൻ പ്രാദേശികതലത്തിൽ ശക്തമായ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

