ഒരു വർഷത്തിനിടെ കാണാതായത് 23000 സ്ത്രീകളും പെൺകുട്ടികളും; ഞെട്ടിക്കുന്ന ഡേറ്റയുമായി അസംബ്ലിയിൽ മധ്യപ്രദേശ് മുഖ്യമന്ത്രി
text_fieldsഭോപ്പാൽ: 23000ലധികം സ്ത്രീകളെയും സംസ്ഥാനത്ത് കാണാനില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അസംബ്ലിയിൽ. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിലുൾപ്പെട്ട 1500 പ്രതികൾ ഒളിവിലെന്നും റിപ്പോർട്ട്. മുതിർന്ന കോൺഗ്രസ് എം.എൽ.എ ബാല ബച്ചന്‍റെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി മോഹൻ യാദവ് വിശദമായ റിപ്പോർട്ട് പുറത്തുവിട്ടത്. 2024 ജനുവരി1 നും ജൂൺ30നും ഇടക്കുള്ള കണക്കുകളാണ് റിപ്പോർട്ടിലുള്ളത്.
സംസ്ഥാനത്ത് സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളുടെയും എത്ര പേരെ കാണാതായി എന്നതിന്‍റെയും എത്ര കുറ്റവാളികൾ ഒളിവിലാണെന്നതിന്‍റെയും കണക്കുകളാണ് എം.എൽ.എ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടത്. ഒളിവിൽ കഴിയുന്ന പ്രതികളെ എപ്പോൾ അറസ്റ്റു ചെയ്യുമെന്നും അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി എടുത്തുവെന്നും അദ്ദേഹം ചോദ്യമുന്നയിച്ചിരുന്നു.
കണക്കുകൾ പ്രകാരം 21175 സ്ത്രീകളും 1954 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമാണ് കഴിഞ്ഞ ഒരു വർഷമായി കാണാ മറയത്തുള്ളത്. സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസുകളിൽ 292 പേരും പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്ത 283 കുറ്റവാളികളുമാണ് സംസ്ഥാനത്ത് ഒളിവിലുള്ളത്. കണക്കുകൾ ഇവിടെ അവസാനിക്കുന്നില്ല. സ്ത്രീകൾക്കെതിരായ മറ്റു തരത്തിലുള്ള ലൈംഗിക കുറ്റ കൃത്യങ്ങളിലേർപ്പെട്ട 443 പേരും പ്രായപൂർത്തിയാകാത്തവർക്കു നേരെയുള്ള അതിക്രമക്കേസുകളിലെ 167 പേരും ഒളിവിലാണ്. ആകെ മൊത്തം 1500ലധികം പേരാണ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഗുരുതര കുറ്റ കൃത്യങ്ങളിലേർപ്പെട്ട് മധ്യപ്രദേശിൽ ഒളിവിൽ കഴിയുന്നത്. മിസിംങ് കേസുകൾ ഏറ്റവും കൂടുതലുള്ള ജില്ല സാഗറാണ്. 1069 കേസുകളാണ് ഇവിടെയുള്ളത്. ജബൽപ്പൂരിൽ 946ഉം ഇൻഡോറിൽ 788ഉം ഗ്വാളിയാറിൽ 617ഉം ഭോപ്പാലിൽ 688ഉം രേവയിൽ 653 ഉം പേരെയാണ് കാണാനില്ലാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

