ശിവക്ഷേത്രത്തിൽ നമസ്കരിച്ച യുവതിയും മകളും കസ്റ്റഡിയിൽ; മതവികാരം വ്രണപ്പെടുത്തിയെന്ന് കേസ്
text_fieldsലഖ്നൗ: ശിവക്ഷേത്രത്തിൽ നമസ്കരിച്ചതിന് യുവതിയും മകളും കസ്റ്റഡിയിൽ. ഉത്തർപ്രദേശിലെ ബറെയ്‍ലിയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. കേസർപൂർ ഗ്രാമമുഖ്യന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പുരോഹിതന്‍റെ നിർദേശപ്രകാരമായിരുന്നു മുപ്പത്തിയെട്ടുകാരിയായ യുവതിയും മകളും ശിവക്ഷേത്രത്തിൽ നമസ്കരിച്ചതെന്ന് പ്രദേശത്തെ സർക്കിൾ ഓഫീസർ ഗൗരവ് സിങ് പറഞ്ഞു. ഇരുവരും ഉച്ചയോടെയാണ് ക്ഷേത്രത്തിലെത്തിയത്. പിന്നാലെ നമസ്കരിക്കാൻ തുടങ്ങുകയാണ്. സംഭവം മറ്റുള്ളവർ വിലക്കിയെങ്കിലും ഇരുവരും പ്രാർഥന തുടരുകയായിരുന്നു. ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കാൻ ശിവക്ഷേത്രത്തിൽ പോയി നമസ്കരിക്കണമെന്ന പുരോഹിതന്‍റെ ഉപദേശപ്രകാരമായിരുന്നു നടപടിയെന്നാണ് ഇവരുടെ വാദം.
മതവികാരം വ്രണപ്പെടുത്തിയതിന് പുരോഹിതനായ ചമൻ സിങ് മിയാൻ, സജീന (38), മകൾ സബീന (19) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.