മധ്യപ്രദേശിൽ പീഡനശ്രമം എതിർത്തതിന് യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ടു
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ 25 കാരിയെ പീഡനശ്രമം എതിർത്തതിന് ഓടുന്ന ട്രെയ്നിൽ നിന്ന് തള്ളിയിട്ടു. ഏപ്രിൽ 27ന് രാത്രി മാധ്യപ്രദേശിൽ നിന്നും ഉത്തർപ്രദേശിലെ മഹോബയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് സംഭവം.
സഹയാത്രക്കാരന്‍റെ പീഡന ശ്രമം എതിർത്തതിനെ തുടർന്ന് യുവതിയെ ഓടുന്ന ട്രെയ്നിൽ നിന്ന് തള്ളിയിട്ടതായി ജബൽപൂർ റെയിൽവേ പൊലീസ് അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് നടപടികൾ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ബാഗേശ്വർ ധാം ക്ഷേത്രം സന്ദർശിച്ച ശേഷം ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉത്തർപ്രദേശിലെ ബന്ദ ജില്ലക്കാരിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം ഖജുരാഹോ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് റെയിൽവേ പൊലീസിന് കൈമാറി.
ക്ഷേത്ര സന്ദർശനം കഴിഞ്ഞ് തിരികെ യു.പിയിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനിൽ ഒരാൾ തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നും അയാളെ തടയാൻ ശ്രമിച്ചപ്പോൾ തന്നെ ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ടുവെന്നും യുവതി പൊലീസിന് മൊഴി നൽകി.